തൊഴിൽ കാലാവധി ഫെബ്രുവരിയിൽ കഴിഞ്ഞു, സതിയമ്മയെ പുറത്താക്കിയതല്ലെന്ന് ചിഞ്ചു റാണി; മനുഷ്യത്വരഹിതമായ സർക്കാരെന്ന് യുഡിഎഫ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തിയ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നു പുറത്താക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചു റാണി. ആരോപണം തെറ്റ്, സതിയമ്മയുടെ തൊഴിൽ കാലാവധി കഴിഞ്ഞ ഫെബ്രുവരിയിൽ തീർന്നതാണെന്നും മന്ത്രി. അതേസമയം വിഷയം രാഷ്ട്രീയമായി ഉയർത്തി യുഡിഎഫ്. സതിയമ്മയുടെ തൊഴിൽ കാലാവധി കഴിഞ്ഞ ഫെബ്രുവരിയിൽ തീർന്നതാണെന്ന് മന്ത്രി പറഞ്ഞു. പകരം ലിജി മോൾ എന്ന സ്ത്രീയെ നിയമിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ കത്തു നൽകി. ഫെബ്രുവരി മുതൽ രേഖകളിൽ ലിജിമോൾ ആണ് ജോലി ചെയ്യുന്നത്. ശമ്പളം പോകുന്നതും ലിജി മോളുടെ അക്കൗണ്ടിലേക്കാണ്. എന്നാൽ സതിയമ്മ അവിടെ പണിയെടുക്കാൻ വരുന്നു എന്ന പരാതി ഡെപ്യൂട്ടി ഡയറക്ടർക്ക് കിട്ടി. അതിനാലാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫിന്റേത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് വിഷയത്തിൽ പ്രതികരിച്ച് എ.എ റഹീം എംപി പറഞ്ഞു. വിവാദം അനാവശ്യമാണ്. ഇപ്പോഴത്തെ നാടകത്തിന് അൽപ്പായുസ് മാത്രമേയുള്ളു. വസ്തുതകൾ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തെ രാഷ്ട്രീയമായി ഉന്നയിക്കുകയാണ് യുഡിഎഫ്. മനുഷ്യത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാരിന്റെ അസഹിഷ്ണുത മൂലം സതിയമ്മയുടെ ജീവിതം വഴിമുട്ടിച്ചു. സതിയമ്മയെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. സംഭവത്തിൽ മഹിളാ കോൺഗ്രസ് പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling