ചെർപ്പുളശേരിയിൽ മോഷണത്തിന് ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് കള്ളൻ, മോഷ്ടിച്ച സാധനം കണ്ട് പൊലീസും ഞെട്ടി




 പാലക്കാട്: മോഷണത്തിനായി വൈദ്യുതി ട്രാൻസ്ഫോർമർ ഓഫാക്കി മോഷ്ടാവ്. പാലക്കാട് ജില്ലയില ചെർപ്പുളശ്ശേരി ചളവറയിൽ വൈദ്യുത ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ ശേഷം കള്ളൻ മോഷ്ടിക്കാനെത്തിയത്. കിണറ്റിൽ സ്ഥാപിച്ച മോട്ടോർ പമ്പുസെറ്റ് മോഷ്ടിക്കാനാണ് ഇയാൾ ട്രാൻസ്ഫോർമർ ഓഫ് ചെയ്തത്. സംഭവത്തിൽ ചളവറ ചിറയിൽ അനിൽകുമാറിനെ (45) ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചളവറ  വട്ടൊള്ളി വീട്ടിൽ ഷീലാദേവിയുടെ വീട്ടിലെ കിണറിൽ സ്ഥാപിച്ച വൺ എച്ച്.പി. മോട്ടോറാണ്  കവർന്നത്.

രാവിലെ മോട്ടോർ  ഓണാക്കിയിട്ടും വെള്ളം ലഭിക്കാതിരുന്നതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മോട്ടോർ മോഷണം പോയ കാര്യം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ചെർപ്പുളശ്ശേരി പൊലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്ഐമാരായ ബി. പ്രമോദ്, എ. പ്രസാദ്, എഎസ്ഐ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. 

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒന്നര മാസം മുമ്പ് മോഷണം പോയ ബൈക്ക് എഐ ക്യാമറയിൽ പതിഞ്ഞ സംഭവമുണ്ടായി. രൂർ മംഗലം സ്വദേശി ഷമീറിന്റെ ബൈക്ക് വീട്ടുമുറ്റത്ത് നിന്നും മോഷ്ടാവ് കവർന്നത്. കൃത്യമായി പറഞ്ഞാൽ ജൂൺ 19ന്. മോഷണം പോയതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയും തന്റേതായ രീതിയിലും അന്വേഷണം നടത്തിയിരുന്നു. പൊലീസും അന്വേഷിച്ചു. എന്നാൽ വിഫലമായിരുന്നു അന്വേഷണം. പൊലീസിനും കള്ളനെ പിടികൂടാൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ ദിവസമാണ് ഗതാഗത നിയമം ലംഘിച്ചതിന് ഷമീറിന്റെ ഫോണിലേക്ക് സന്ദേശമെത്തിയത്.

ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ അടക്കാനാവശ്യപ്പെട്ടായിരുന്നു സന്ദേശം. ഇതോടെയാണ് ബൈക്ക് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായത്. മോട്ടോർ വകുപ്പിന്റെ ഓൺലൈൻ സൈറ്റിൽ കയറി നോക്കിയപ്പോൾ ബൈക്കുമായി മോഷ്ടാവ് എന്ന് കരുതുന്നയാൾ ഓടിക്കുന്ന ചിത്രമുൾപ്പെടെയുണ്ട്. ഇയാൾ ഹെൽമറ്റ് ധരിക്കാത്തതാണ് അനുഗ്രഹമായത്. ജൂൺ 19ന് പുലർച്ചെ 3.28നാണ് ചിത്രം പതിഞ്ഞത്. ഈ ചിത്രവുമായി മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling