തമിഴ്‌നാട്ടില്‍ മുന്‍ ഐഎഎസ് ഓഫീസര്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആയേക്കും

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ വന്നേക്കും. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാര്‍ റൂമിനെ നയിച്ച മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തിലിന്റെ പേരാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒന്നാമതായി പരിഗണിക്കുന്നത്. എംപിമാരായ എസ് ജ്യോതിമണിയുടേയും എ ചെല്ലകുമാറിന്റെയും പേരുകള്‍ സാധ്യത പട്ടികയിലുണ്ട്. നിലവില്‍ അദ്ധ്യക്ഷനായ കെ എസ് അഴഗിരിയുടെ കാലാവധി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ചിരുന്നു. പുതിയ അദ്ധ്യക്ഷനാവാത്തതിനാല്‍ അഴഗിരി തുടരുകയായിരുന്നു. നരേന്ദ്രമോദി നയിച്ച ബിജെപി രണ്ടാമതും അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് 2019ല്‍ ശശികാന്ത് സെന്തില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്. വിശാല ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍വീസില്‍ തുടരാന്‍ കഴിയില്ലെന്നായിരുന്നു ശശികാന്ത് സെന്തിലിന്റെ വിശദീകരണം. നേരത്തെ തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതി മണിയുടെയും ചെല്ലകുമാറിന്റെയും പേരുകളാണ് മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇരുവരില്‍ നിന്നും ഒരു പേരിലേക്ക് എത്താന്‍ കഴിഞ്ഞില്ല. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു ശശികാന്ത് സെന്തിലിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശശികാന്ത് സെന്തിലിനെ സംസ്ഥാന അദ്ധ്യക്ഷനാക്കാനാണ് താല്‍പര്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണഗിരിയില്‍ നിന്നുള്ള എംപിയാണ് ചെല്ലകുമാര്‍.കരൂരില്‍ നിന്നുള്ള എംപിയാണ് ജ്യോതി മണി. 1980 മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തോടൊപ്പം സഞ്ചരിക്കുന്ന നേതാവാണ് ചെല്ലകുമാര്‍. രാഹുല്‍ ഗാന്ധിയോട് മികച്ച അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ജ്യോതി മണി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും ഉപാദ്ധ്യക്ഷയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശശികാന്ത് സെന്തില്‍ 2020 നവംബറിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികാന്ത് സെന്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രശംസ നേടിയിരുന്നു. അതിനെ തുടര്‍ന്ന് ശശികാന്ത് സെന്തിലിനെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന രാജസ്ഥാനില്‍ നിരീക്ഷകനായി നിയമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling