പെൻഷൻ മസ്റ്ററിങ് ഇന്ന് കൂടി.. അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കും




 നേരത്തെ നിശ്ചയിച്ച സമയ പരിധി പ്രകാരം പെൻഷൻ മസ്റ്ററിങ് നടത്താൻ ഇന്ന് കൂടി അവസരം. സംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 8 ലക്ഷത്തോളം പേർ കൂടിയാണ് മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും.


സമയ പരിധിക്കുള്ളിൽ മസ്റ്ററിങ്​ പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ ചെയ്യാം. അവർക്ക് മസ്റ്ററിങ്ങിന്​ അനുവദിച്ച കാലയളവ് വരെ പെൻഷന്​ അർഹത ഉണ്ടാകും. തുടർന്ന് മസ്റ്ററിങ്​ നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ.


മസ്റ്ററിങ്​ ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹത ഉണ്ടാകില്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ നിശ്ചിത കാലാവധിക്ക് ശേഷം പെൻഷൻ വിതരണം നടത്തൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശിക ആകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യൂ.


ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർ വിവരം അറിയിച്ചാൽ അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ്​ നടത്തും. ആധാർ ഇല്ലാതെ സാമൂഹിക സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസ്​ കഴിഞ്ഞവർ, 80 ശതമാനത്തിൽ അധികം ശാരീരിക വൈകല്യം ഉള്ളവർ, സ്ഥിരമായി രോഗശയ്യയിൽ ഉള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ്​ പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ / ക്ഷേമനിധി ബോർഡുകൾ എന്നിവയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ്​ പൂർത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യാൻ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യാൻ 50 രൂപയും ഫീസായി നൽകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling