തിരുവനന്തപുരം:
പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുന്നതായും ആ ഘട്ടത്തില്‍ ഇരിക്കൂറിനെ പരിഗണിക്കുമെന്നും വനം,വന്യജീവി വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. . ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കണമെന്നാശ്യപ്പെട്ടുള്ള അഡ്വ. സജീവ് ജോസഫ് എം.എല്‍.എ യുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. കൂടാതെ ഫെന്‍സിംങ് ഉള്‍പ്പെടുയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
വന്യമൃഗശല്യം മൂലം സംസ്ഥാനത്ത് ഏറ്റവുമധികം നാശനഷ്ടവും ഭീതിയും വിതയ്ക്കപ്പെട്ട നിയോജക മണ്ഡലങ്ങളിലൊന്നാണ് ഇരിക്കൂറെന്ന് എം.എല്‍.എ ചൂണ്ടിക്കാണിച്ചു. ദിനം പ്രതി ഉണ്ടാകുന്ന വന്യമൃഗ ആക്രമണം തടയാന്‍ പര്യാപ്തമായ യാതൊരു ഇടപെടലും നടത്താന്‍ വകുപ്പിന് കഴിയുന്നില്ല. ഉളിക്കല്‍, പയ്യാവൂര്‍, ഉദയഗിരി പഞ്ചായത്തുകളിലെ ജനവാസ മേഖലകളില്‍ മാസങ്ങളായി തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങള്‍ എല്ലാ ദിവസവും തന്നെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയാണ്. ഓരോ ദിവസവും ഡസന്‍ കണക്കിന് കൃഷിയിടങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. വീടുകളും മനുഷ്യനിര്‍മ്മിതികളും ആക്രമിക്കപ്പെടുന്നു.
റോഡിലൂടെ സഞ്ചരിക്കാന്‍ പോലും കഴിയുന്നില്ല. സ്വന്തം കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ പറ്റുന്നില്ല. ഭയന്നു വിറച്ച ജനം പുറത്തേക്കിറങ്ങാനാവാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. കൃഷി നശിപ്പിക്കപ്പെടുമ്പോള്‍ വര്‍ഷങ്ങളുടെ അധ്വാനമാണ് നിഷ്ഫലമാകുന്നത്. കര്‍ഷകന്‍ ആത്മഹത്യയുടെ മുനമ്പിലാണ്. രക്ഷയ്ക്കായി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിക്കുമ്പോള്‍ കിലോമീറ്ററുകള്‍ അകലെയുള്ള അവര്‍ക്ക് ഒന്ന് ഓടിയെത്താന്‍ ഒരു വാഹനം പോലുമില്ലാത്ത സ്ഥിതി നീതികരിക്കാനാവില്ലെന്നും എം.എല്‍.എ സബ്മിഷനിലൂടെ ഉന്നയിച്ചു.
VIDEO
0 അഭിപ്രായങ്ങള്‍