*‘ഞാന്‍ നിങ്ങളെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കും’; സിദ്ദിഖിന്‍റെ വീട്ടിലെത്തി സൂര്യ*

കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്. സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു ഫ്രണ്ട്സ് എന്ന സിനിമയുടെ തമിഴ് പതിപ്പിൽ സൂര്യയും വിജയ്‌യുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രം നടന് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. പല കാരണങ്ങളാൽ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു. ”ചെറിയ സീനില്‍ പോലും ഒരു മടിയും കൂടാതെ അഭിനന്ദിച്ച സംവിധായകനാണ് സിദ്ദിഖ് സാര്‍.അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. ചിത്രീകരണത്തിലായാലും എഡിറ്റിംഗിലായാലും എന്‍റെ പ്രകടനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഉടനടി അറിയിക്കും. സിനിമാ നിർമ്മാണ പ്രക്രിയയെ സ്നേഹിക്കാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള അനുഭവങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. എന്‍റെ കഴിവിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തെ കാണുമ്പോഴെല്ലാം എന്‍റെ കുടുംബത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും അദ്ദേഹം എന്നോട് ചോദിക്കാറുണ്ടായിരുന്നു- സൂര്യ കുറിച്ചു. ഒരു നടനെന്ന നിലയിൽ എന്നിൽ വിശ്വസിച്ചതിനും ഒപ്പം നിന്നതിനും ഞാൻ അദ്ദേഹത്തോട് വളരെ കടപ്പെട്ടിരിക്കുന്നു. ഞാൻ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ വേർപാടിൽ ഹൃദയം തകർന്ന കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. “എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളുടെ ഓർമ്മകൾ എന്‍റെ ജീവിതത്തിൽ സൂക്ഷിക്കും,” സൂര്യ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling