ഇയർഫോൺ ഉപയോഗം കുറച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ പിന്നാലെയെന്ന് പഠനം

ജോലി ചെയ്യുമ്പോഴും വീട്ടുപണികളിൽ മുഴുകുമ്പോഴും വാഹനമോടിക്കുമ്പോഴും പോലും ഹെഡ്ഫോണുകളിൽ മുഴുകുന്നവരുണ്ട്. കുട്ടികളെന്നോ വലിയവരെന്നോ ഭേദമില്ലാതെ ഇന്ന് ഇയർഫോണുകളിലും ഹെഡ്ഫോണുകളിലും അടിമകളായിക്കഴിഞ്ഞു. എന്നാൽ അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഇക്കൂട്ടരെ തേടിയെത്തുന്നത്. ഹെ‍ഡ്ഫോണുകളും മറ്റും അനിയന്ത്രിതമായി ഉപയോഗിക്കുന്നവരിൽ കേൾവി-സംസാര സംബന്ധമായ വൈകല്യങ്ങൾ വർധിക്കുന്നുണ്ടെന്നതാണത്. ഇന്ത്യൻ സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന്റെ ഏറ്റവുംപുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങളെക്കുറിച്ച് ഡൽഹി എൻ.സി.ആർ ഏരിയയിലും ജമ്മു കശ്മീരിലും നടത്തിയ സർവേയ്ക്കൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങൾ വർധിച്ചുവെന്നും എന്നാൽ ഇതേക്കുറിച്ചുള്ള അവബോധം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. 19-25 വയസ്സിനിടയിൽ പ്രായമുള്ളവരിൽ കേൾവിപ്രശ്നങ്ങൾ 41 ശതമാനത്തോളവും 26-60 പ്രായമുള്ളവരിൽ 69 ശതമാനവും വർധിച്ചുവെന്നും പഠനത്തിൽ കണ്ടെത്തി. മൊബൈൽ തലമുറയ്ക്കുള്ള മുന്നറിയിപ്പാണിതെന്നും ഹെഡ്ഫോണുകളിൽ അഭയം തേടുന്നത് കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധനും കേന്ദ്രആരോഗ്യമന്ത്രിയുടെ മുൻഉപദേശകനുമായ ഡോ.രാജേന്ദ്ര പ്രതാപ് ഗുപ്ത പറയുന്നു. ഇവയുടെ ഉപയോഗം കുറയ്ക്കാത്തപക്ഷം ഹെഡ്ഫോണുകൾക്കു പകരം ശ്രവണസഹായി വെക്കേണ്ട ഘട്ടത്തിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. മേയ് മുതൽ ജൂൺ വരെ നടത്തിയ പഠനത്തിൽ 53,801 പേരാണ് പങ്കാളികളായത്. ഡൽഹി-എൻ.സി.ആർ‌ ഏരിയയിൽ ആശയവിനിമയപ്രശ്നങ്ങൾ 3.5 ശതമാനം പേരിലും കാശ്മീരിൽ 6.17ശതമാനം പേരിലും ജമ്മുവിൽ 2.4ശതമാനം പേരിലും കണ്ടെത്തി. സ്പീച്ച് ആൻഡ് സൗണ്ട് വൈകല്യങ്ങളും ഭാഷാപരമായ പ്രശ്നങ്ങളും കൂടിവരുന്നതായി കണ്ടെത്തി. മൊബൈലിനോടുള്ള അമിതആസക്തിയിൽ വൈകാതെ ആത്മനിയന്ത്രണം വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠനമെന്നും ഡോ.രാജേന്ദ്ര പ്രതാപ് ഗുപ്ത പറഞ്ഞു. ഇതുസംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായി വിദഗ്ധർ തയ്യാറാവുകയും അതിനായി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 👉ഇയർഫോൺ പ്രശ്നമാകുന്നതെങ്ങനെ? ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കുള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർഡ്രമ്മിലേക്കെത്തുന്നു. അപ്പോൾ ശക്തിയേറിയ കമ്പനങ്ങൾ ആന്തരകർണത്തിലെത്തും. ഇത് സെൻസറി കോശങ്ങൾക്ക് ക്ഷതമുണ്ടാക്കും. ഈ അവസ്ഥ തുടരുമ്പോൾ സെൻസറി കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. കേൾവിപ്രശ്നങ്ങൾ വന്നുതുടങ്ങുകയും ചെയ്യും. 30-40 ശതമാനത്തോളം നാശമുണ്ടാവുമ്പോഴേ കേൾവിക്കുറവ് തിരിച്ചറിയാനാകൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling