അരിവാൾ രോഗികളോട് അവഗണന; കായികാധ്വാനം കൂടുതല്‍ ചെയ്യാന്‍ കഴിയാത്ത രോഗികളോട് കടം പറഞ്ഞ് സർക്കാർ


 സുല്‍ത്താന്‍ ബത്തേരി: അരിവാൾ രോഗികളോട് സർക്കാറിന്‍റെ അവഗണയെന്ന് ആരോപണം. ഒമ്പത് മാസമായി ജനറൽ വിഭാഗത്തിലുള്ളവർക്ക് പെൻഷൻ മുടങ്ങിയിട്ട്. മരുന്നും പോഷകാഹാരവും മുടങ്ങാൻ പാടില്ലാത്ത രോഗികളാണ് ഇതോടെ ദുരിതത്തിലായത്. വയനാട് ജില്ലയിൽ സർക്കാറിന്‍റെ കണക്കിൽ 1080 അരിവാൾ രോഗികളാണ് ഉള്ളത്. ഇതിൽ ജനറൽ വിഭാഗത്തിൽ 189 പേരുണ്ട്.

ഇവർക്കാണ് കഴിഞ്ഞ ഒമ്പത് മാസമായി പെൻഷൻ നൽകാത്തത്. എസ്ടി വിഭാഗത്തിനും കൃത്യമായ പെൻഷമായി വിതരണം ചെയ്യുന്നില്ല. ജനറൽ വിഭാഗത്തിന് 2000 രൂപയും എസ്ടി വിഭാഗത്തിന് 2500മാണ് പ്രതിമാസ പെൻഷൻ. ഈ തുകയാണ് സർക്കാർ മാസങ്ങളായി കുടിശ്ശികയാക്കിയത്. പൊതുവിഭാഗത്തിലെ രോഗികളിൽ നിന്നും സർക്കാർ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. വലിയ കായികാധ്വാനമുള്ള ജോലികൾ അരിവാൾ രോഗികൾക്ക് സാധ്യമല്ല. അവരോടാണ് സർക്കാർ കടം പറയുന്നത്.

ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടും വർഷങ്ങളായെന്നാണ് ആരോപണം. അരിവാൾ രോഗികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ മരുന്ന് ലഭിച്ചിരുന്നു. ഈയിടെയായി മിക്കയിടങ്ങളിലും മരുന്ന് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഒരു വരുമാനവും ഇല്ലാത്ത കുടുംബത്തിന് സർക്കാർ നൽകിയിരുന്ന ചെറിയ തുകയായിരുന്നു ചികിത്സയ്ക്ക് ആശ്രയമായിരുന്നത്. പക്ഷേ പരാതിയുമായി സമീപിക്കുന്ന രോഗികളോട് പണം നൽകാൻ ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി. വയനാട് ബോയ്സ് ടൗണിൽ ഗവേഷണ കേന്ദ്രമെന്ന വാഗ്ദാനവും കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്.

സംസ്ഥാന ബജറ്റിൽ രണ്ടരകോടി രൂപയാണ് അരിവാൾ രോഗികൾക്കായി നീക്കിവെച്ചത്. എന്നാല്‍ ഇതൊക്കെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് രോഗികളുടെ പരാതി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling