വായ്പാ കുടിശിക: കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്

കെഎസ്ആർടിസിയ്ക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. 700 കോടി രൂപയോളമാണ് KTDFC ക്ക് കെഎസ്ആർടിസി നൽകാനുള്ളത്. എത്രയും വേഗം പണമടച്ചില്ലെങ്കിൽ വസ്തുകൾ ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകില്ലെന്നും KTDFC യുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും നിവർത്തിയില്ലാതെ നട്ടം തിരിയുമ്പോഴാണ് KTDFC യുടെ ഇരുട്ടടി. പലിശയടക്കം 700 കോടി എത്രയും വേഗം തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയിലേക്ക് കടക്കുമെന്ന് നോട്ടീസിൽ പറയുന്നു. ഇനി മുന്നറിയിപ്പുകളുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 350 കോടി മാത്രമേ തിരിച്ചടയ്ക്കാനുള്ളൂവെന്നാണ് കെഎസ്ആർടിസിയുടെ വാദം. ജൂലൈ മാസത്തെ ശമ്പളം 22ന് മുമ്പ് നൽകുമെന്നായിരുന്നു തൊഴിലാളി യൂണിയനുകൾക്ക് സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ അക്കാര്യത്തിലും തീരുമാനമായില്ല. ധനവകുപ്പ് പണം അനുവദിച്ചാൽ ഇന്ന് തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസി ഓണം അലവൻസും അഡ്വാൻസും സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി സിഎംഡി ഇന്ന് വൈകിട്ട് നാലിന് ചർച്ച നടത്തും. അലവൻസായി 1000 രൂപയും അഡ്വാൻസായി 1000 രൂപയും നൽകാനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്. കൃത്യമായ ഓണം അലവൻസും അഡ്വാൻസും ലഭിച്ചാൽ മാത്രമേ 26 ന് പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്നും യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling