
മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് മൂന്നു വർഷം. കേരളം മുമ്പൊന്നും കണ്ടിട്ടില്ലാത്ത ദുരന്തത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് 2020 ഓഗസ്റ്റ് 7-ന് കരിപ്പൂർ സാക്ഷിയായത്. ഗള്‍ഫ് നാടിനെ പിടിച്ചുലച്ച കൊവിഡ് ഭീതിയില്‍ നിന്ന് ജന്മനാടിന്‍റെ സുരക്ഷിതത്വത്തിലേക്കൊരു പറന്നിറങ്ങല്‍. അതാണ് എയര്‍ ഇന്ത്യയുടെ എക്സപ്രസ് 1344 വിമാനത്തിന് ടിക്കറ്റെടുക്കാന്‍ അന്ന് ആ യാത്രക്കാരെ പ്രേരിപ്പിച്ചത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.45-ന് ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ടേക്ക്ഓഫ് ചെയ്ത വിമാനം 7 മണിയോടെ കരിപ്പൂരിന്‍റെ മാനം തൊട്ടു. ലാന്‍ഡിംഗിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കരിപ്പൂരിന്‍റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ചു.
എത്ര പെരുമഴക്കാലം കഴിഞ്ഞാലും പെയ്തുതീരാത്ത ഓർമ്മകളാണത്. വിമാനം വെട്ടിപ്പൊളിച്ച് ഒരോ ജീവനെയും ചേർത്തുപിടിച്ച് ഓടിയ ഒരു സംഘം. സ്വന്തം വാഹനങ്ങളെ ആംബുലന്‍സുകളാക്കി മറുസംഘം. ആ വാഹനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ റോഡിനിരുവശവും കൈക്കോർത്തുനിന്നവർ. ആശുപത്രികളിൽ എന്ത് സഹായത്തിനുമായി ഓടിക്കൂടിയ കുറേയേറെ മനുഷ്യർ. ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ നെഞ്ചോടുചേർത്ത് ആശ്വസിപ്പിച്ചു. കൊവിഡ് ഭീതിയോ, മരണ ഭയമോ അവരെ പിന്തിരിപ്പിച്ചില്ല. മലപ്പുറം മുഴുവന്‍ ആ ടേബിൾ ടോപ്പിന് താഴേക്ക് ഓടിയെത്തിപ്പോള്‍ ലോകം കണ്ടത് ചരിത്രം അടയാളപ്പെടുത്തിയ മഹാ രക്ഷാപ്രവര്‍ത്തനം.
അപകടത്തിന് കാരണമായത് പൈലറ്റിന്റെ പിഴവാണെന്നാണ് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കണ്ടെത്തല്‍. 2 പൈലറ്റുമാരും 19 യാത്രക്കാരും ഉൾപ്പെടെ 21 പേരുടെ ജീവനുകളാണ് കരിപ്പൂരില്‍ പൊലിഞ്ഞത്. 169 പേർക്ക് പരിക്കേറ്റു. പ്രദേശവാസികളുടെ അവസരോചിത ഇടപെടലിന്‍റെ കരുത്തില്‍ മൂന്ന് വര്‍ഷത്തിനിപ്പുറം 190 പേരുള്ള വിമാനത്തിലെ മിക്ക യാത്രക്കാരും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരുമയാണ് കേരളത്തിന്റെ അതിജീവനമന്ത്രമെന്നാണ് അതിഭീകര ദുരന്തമുഖത്തും കരിപ്പൂരിലെ ജനത അടയാളപ്പെടുത്തിയത്. ആ സ്നേഹ മുദ്രകൾക്ക് മുന്നില്‍ കേരളം നന്ദിയോടെ കൈകൂപ്പുന്നു.
0 അഭിപ്രായങ്ങള്‍