സാധാരണക്കാരന്‍റെ പോക്കറ്റ് കീറും; തിരുവല്ലം ടോള്‍ പ്ലാസയിൽ കൂട്ടിയ നിരക്ക് ഇന്ന് മുതൽ, പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. നേരത്തെ അത് 120 രൂപയായിരുന്നു. 30 രൂപയാണ് വർധിച്ചത്. കാറിനുള്ള മന്തിലി പാസ് 5035 രൂപയിലും മാറ്റം വന്നിട്ടുണ്ട്. മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും, ബസ് ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതൽ 970 രൂപ വരെയും ടോള്‍ നൽകണം. തിരുവല്ലയിൽ ടോള്‍ പിരിവ് തുടങ്ങി ഒരുവർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും ജൂണിലും നിരക്ക് കൂട്ടിയിരുന്നു. അതേസമയം ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. ടോൾ നിരക്ക് വർധിപ്പിച്ചത് ഉടൻ പിൻവലിക്കണമെന്ന് കോവളം എംഎൽഎ എം വിൻസെന്റും ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ വി അഭിലാഷും ആവശ്യപ്പെട്ടു. ടോൾ തുടങ്ങിയതിനുശേഷം ഏതൊരു മാനദണ്ഡവും ഇല്ലാതെയാണ് ടോൾ വർദ്ധനവ് നടത്തുന്നത്. ആദ്യം നിശ്ചയിച്ച നിരക്കിൽ നിന്നും അഞ്ച് മടങ്ങായാണ് നിരക്ക് വർദ്ധിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. തിരുവല്ലം ജംഗ്ഷനിലെ പാലവും സർവീസ് റോഡും ഇനിയും പൂർത്തിയായിട്ടില്ല. മതിയായ സിഗ്നലുകളോ രാത്രികാലങ്ങളിൽ വെളിച്ചമോ റോഡിലില്ലാത്തത് കാരണം അപകടങ്ങൾ പതിവാണ്. അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാതെയും നാഷണൽ ഹൈവേ അതോറിറ്റി ക്രമവിരുദ്ധമായി നടത്തുന്ന ടോൾ വർദ്ധനവിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. കേരള സർക്കാർ ഇടപെട്ട് ടോൾ വർദ്ധനവ് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും എന്നും എം.എൽ.എ പറഞ്ഞു. വർദ്ധിപ്പിച്ച ടോൾനിരക്ക് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐയും വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ടു തവണ ടോൾ നിരക്ക് വർദ്ധിപ്പിച്ചതിന് പുറമേ വീണ്ടും ടോൾ നിരക്ക് വർദ്ധിപ്പിച്ചു കൊണ്ട് നാഷണൽ ഹൈവേ അതോറിട്ടി പുറപ്പെടുവിച്ച ടോൾ നിരക്ക് വർധന ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സി പി ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ, അസിസ്റ്റന്‍റ് സെക്രട്ടറി എം എസ് സുജിത്ത്, തിരുവല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറി തിരുവല്ലം പ്രദീപ് , അസിസ്റ്റന്‍റ് സെക്രട്ടറി പനത്തുറ പി. ബൈജു എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അടിക്കടിയുളള ടോൾനിരക്ക് വർദ്ധനവ് കാരണം വാഴമുട്ടം - പാച്ചല്ലൂർ -തിരുവല്ലം സർവീസ് റോഡിലെ വാഹന ഗതാഗതം വൻതോതിൽ വർദ്ധിക്കുകയും നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതും കാരണം ഈ പ്രദേശത്തെ ജന ജീവിതം ദുസ്സഹമാകുന്ന അവസ്ഥയിലാണ്. നാഷണൽ ഹൈവേ അതോറിറ്റിയുടെ ഈ കിരാത നടപടി അംഗീകരിക്കാൻ കഴിയാത്തതാണെന്നും സി.പി.ഐ നേതാക്കൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling