സ്റ്റേഷനിൽ വെച്ച് ഒന്നുറങ്ങിപ്പോയി, ഒന്നേകാൽ ലക്ഷത്തിന്റെ മൊബൈൽ കാണാനില്ല! പിന്നീട് സംഭവിച്ചത്...

പാലക്കാട് : ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്റ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കകം പൊക്കി റയിൽവെ പൊലീസ്. കോഴിക്കോട്ട് ചേവായൂർ കൊടുവാട്ട പറമ്പിൽ 47കാരനായ പ്രജീഷ് ആണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പം ഷൊർണൂർ റയിൽവേ സ്റ്റേഷനിലെത്തിയ ഗോവ സ്വദേശിയുടെ ഒന്നേകാൽ ലക്ഷത്തോളം രൂപ വില വരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ കാത്ത് സ്റ്റേഷനിലിരുന്ന് ഉറങ്ങിയ തക്കത്തിലാണ് പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചത്. തുടർന്ന് ഇദ്ദേഹം രാവിലെ റയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്റ്റേഷനിൽ കണ്ട പ്രജീഷിനെ ചോദ്യം ചെയ്യുകയും, ബാഗ് പരിശോധിച്ചപ്പോൾ ഒരു മൊബൈൽ ഫോൺ കണ്ടെടുക്കുകയുമായിരുന്നു. ആദ്യം ഇത് തന്റേതാണെന്ന് ഇയാൾ പറഞ്ഞെങ്കിലും പൊലീസ് ലോക്ക് തുറക്കാൻ പറഞ്ഞപ്പോൾ കഴിഞ്ഞില്ല. പിന്നീട് പരാതിക്കാരന്റെ നമ്പറിൽ വിളിച്ചപ്പോൾ നഷ്ടപ്പെട്ട ഫോണാണിതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling