മധ്യപ്രദേശിൽ ദളിത് യുവാവിനെ മർദിച്ചുകൊലപ്പെടുത്തി; രക്ഷിക്കാൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി മർദിച്ചു; എട്ടുപേർ അറസ്റ്റിൽ

 മധ്യപ്രദേശില സാഗർ ജില്ലയിൽ 18 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. അക്രമികളിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി മർദിച്ചു. കൊല്ലപ്പെട്ടത് നിതിൻ അഹിർവാൾ എന്ന യുവാവാണ്. അക്രമം നടത്തിയത് 12 പേർ അടങ്ങിയ സംഘമെന്നാണ് സൂചനയുവാവിന്റെ സഹോദരി നൽകിയ പീഡനക്കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയാണ് മർദനവും കൊലപാതകവും നടന്നത്. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി.

ഗ്രാമത്തിലെ ബസ് സ്റ്റാന്റിന് സമീപത്ത് നിൽക്കുകയായിരുന്ന യുവാവിനെ വടികൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ അമ്മയെ നഗ്നയാക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി 2019 ൽ പ്രതികളിൽ ചിലർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ കോമൾ സിംഗ്, വിക്രം സിംഗ്,ആസാദ് സിംഗ് തുടങ്ങിയവർ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവിന്റെ സഹോദരി പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ അമ്മയെയും തന്നെയും ഭീഷണിപ്പെടുത്തിയെന്നും വീട് അടിച്ചുതകർക്കുകയും ചെയ്തെന്നാണ് ഇവര്‍ പറയുന്നത്.

പ്രതികളിൽ ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരെ സെക്ഷൻ 307,302, എസ്.സി,എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ എസ്.പി സഞ്ജീവ് യു.കെ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling