യുകെയിൽ നിന്ന് ഗ്രീക്ക് ദ്വീപായ കോർഫുവിലേക്കുള്ള പതിവ് യാത്രയ്ക്കിടെ ജെറ്റ് 2 വിമാനം വഴിതിരിച്ച് വിട്ടത് 400 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക്. അതും ഇന്ധം തീരാറായെന്ന അറിയിപ്പ് വന്നതിന് ശേഷമായിരുന്നു ഈ വഴിതിരിച്ച് വിടല്‍. ചങ്കിടിപ്പോടെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കഴിച്ച് കൂട്ടിയത് ഒരു മണിക്കൂറോളം നേരം. കോർഫു വിമാനത്താവളത്തിൽ ഇറങ്ങാൻ സ്ഥലമില്ലെന്ന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങള്‍ അരങ്ങേറിയതെന്ന് മാഞ്ചസ്റ്റർ ഈവനിംഗ് റിപ്പോർട്ട് ചെയ്തു.
ഇന്ധനത്തിന്‍റെ അളവ് അപകടകരമാം വിധം താഴ്ന്നതിനാൽ അപകടസാധ്യത ഒഴിവാക്കാനും വിമാനത്തിലുള്ള എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് പൈലറ്റിന് പെട്ടെന്ന് തീരുമാനമെടുക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോർഫു വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ലാന്‍റിംഗിന് സ്ഥലമില്ലെന്ന അറിയിപ്പ് വന്നത് വിമാനം വിമാനത്താവളത്തിന് അടുത്ത് എത്തിയപ്പോള്‍ മാത്രമായിരുന്നു. പിന്നാലെ, അത്രയും നേരം ആകാശത്ത് വട്ടമിടാനുള്ള ഇന്ധനം വിമാനത്തിലില്ലാത്തതിനാല്‍ പൈലറ്റിന് 482 കിലോമീറ്റര്‍ അകലെയുള്ള ഏഥൻസിലേക്ക് വിമാനം വഴിതിരിച്ച് വിടേണ്ടിവന്നു.
എന്നാല്‍, ഈ സമയം ഏഥന്‍സിലെ താപനില 32 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വിമാനത്തിന് ഏഥന്‍സില്‍ ലാന്‍റിംഗിന് അനുമതി ലഭിച്ചെങ്കിലും വിമാനയാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കഠിനമായ ചൂടില്‍ രണ്ട് മണിക്കൂറോളം യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ കഴിയേണ്ടിവന്നെന്നും വിമാന യാത്രക്കാരനായ മൈക്കൽ വെബ്‌സ്റ്റർ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒടുവില്‍ എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ലക്ഷ്യസ്ഥാനമായ കോർഫു വിമാനത്താവളത്തില്‍ ജെറ്റ് 2 വിന് എത്തിച്ചേരാന്‍ കഴിഞ്ഞത്. ഇത്രയും നേരം വിമാനത്തിനുള്ളില്‍ കഴിയേണ്ടിവന്നതിനാല്‍ കുഞ്ഞുങ്ങളും മുതിര്‍ന്നവരും അസ്വസ്ഥരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുത്ത ചൂടിനിടെ വിമാനങ്ങള്‍ വൈകുന്നതും വഴി തിരിച്ച് വിടുന്നതും പതിവായിരിക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വിമാനയാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാറില്ലെന്നും പരാതികള്‍ ഉയരുന്നു.
0 അഭിപ്രായങ്ങള്‍