ചെരുപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് നഗരസഭാ കൗൺസിലർ, വൈറലായ വീഡിയോയിൽ 'ജനങ്ങളെ കരയിക്കുന്ന'വിശദീകരണം!

ഹൈദരാബാദ്: വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിന്റെ പേരിൽ പഴി കേൾക്കുന്ന ധാരാളം ജനപ്രതിനിധികളുണ്ട്. അത്തരത്തിൽ നിരവധി പേർക്കെതിരെ ജനങ്ങളുടെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നതൊക്കെ വാർത്തയാകാറുമുണ്ട്. പക്ഷെ, താൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കുറ്റബോധം പ്രകടിപ്പിക്കുന്ന ജനപ്രതിനിധികൾ വിരളമാണ്. അത്തരമൊരു കാഴച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു കൗൺസിലർ കൗൺസിൽ യോഗത്തിനിടെ സ്വയം ചെരിപ്പുകൊണ്ട് മുഖത്തടിച്ച് നിരാശ പ്രകടിപ്പിച്ചതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിൽ, നർസിപട്ടണം മുനിസിപ്പാലിറ്റിയിലെ 20-ാം വാർഡിലെ മുലപർത്തി രാമരാജു എന്ന കൌൺസിലറാണ് ഇത്തരത്തിൽ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 31 മാസമായി കൗൺസിലറായി സേവനമനുഷ്ഠിക്കുകയായിരുന്നു രാമരാജു. തന്റെ വാർഡിലെ ഡ്രെയിനേജ്, വൈദ്യുതി, ശുചിത്വം, റോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞാൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ട് 31 മാസമായി, പക്ഷേ എന്റെ വാർഡിലെ ഡ്രെയിനേജ്, വൈദ്യുതി, ശുചിത്വം, റോഡുകൾ, മറ്റ് പ്രശ്നങ്ങൾ തുടങ്ങി ഒന്നും പരിഹരിക്കാൻ എനിക്ക് കഴിയുന്നില്ല'- എന്നായിരുന്നു രാമരാജു സ്വയം തല്ലാനുള്ള കാരണം വിശദീകരിച്ചത്. എത്ര ശ്രമിച്ചിട്ടും വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നില്ല. സാധ്യമായ എല്ലാ വഴികളും പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ ചെയ്തു. എന്നിട്ടും എല്ലാം പരിഹരിക്കപ്പെടാതെ കിടക്കുന്നു. 20-ാം വാർഡിനെ പൂർണമായും ഉദ്യോഗസ്ഥർ തഴയുന്ന സമീപമനമാണ് സ്വീകരിക്കുന്നത്. ഒരിടത്തും കുടിവെള്ളം എത്തിക്കാൻ പോലും കഴിയുന്നില്ല. പൌരന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ മരിക്കാൻ പോലും തയ്യാറാണെന്ന് കൌൺസിൽ മീറ്റിങ്ങിൽ രാമരാജു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ടിഡിപി (തെലുങ്ക് ദേശം പാർട്ടി) പിന്തുണയോടെയാണ് രാമരാജു വിജയിച്ചത്. വരുമാനത്തിനായി ഓട്ടോ ഡ്രൈവറായി ജോലി നോക്കിയാണ് 40-കാരനായ രാമരാജുവിന്റെ ജീവിതം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling