നായയുടെ കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം: നായയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിക്കാതെ രണ്ട് മണിക്കൂറോളം ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ, സംഭവത്തിൽ മെഡിക്കൽ കോളെജ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പൗഡിക്കോണം സ്വദേശിയായ 17കാരി നന്ദനയെ അയൽവാസിയുടെ നായ കടിച്ചത്. ഏഴരയോടെ മെഡിക്കൽ കോളെജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കുട്ടിയെ എത്തിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാനാകില്ലെന്നും ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണിക്കണമെന്നും സുരക്ഷാ ജീവനക്കാരൻ നിർബന്ധം പിടിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. മുറിവ് വൃത്തിയാക്കാനോ, പ്രാഥമിക ചികിത്സ നൽകാനോ പോലും അത്യാഹിത വിഭാഗത്തിൽ തയ്യാറായില്ല. ഡോക്ടറെ കണ്ട് വിവരം പറയാനും സമ്മതിച്ചില്ല. ഒടുവിൽ ക്യൂ നിന്ന് ഒപി ടിക്കറ്റ് എടുത്ത് കുട്ടിയെ ഡോക്ടറെ കാണിക്കാനായത് 9.15ഓടെ. സമീപകാല സംഭവങ്ങളുടെ പശ്ചാതലത്തിൽ നായയുടെ കടിയേറ്റ് എത്തുന്നവർക്ക് സാധാരണ അത്യാഹിത വിഭാഗത്തിൽ തന്നെ ചികിത്സ നൽകാറുണ്ട്. വാർത്തയക്ക് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളജ് ആർഎംഒയെ, ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തി. ഗൗരവമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ കുട്ടിയെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling