ആദിവാസി യുവാവിന് നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎയുടെ മകൻ

മധ്യപ്രദേശിൽ ആദിവാസികൾക്ക് നേരെ വീണ്ടും ആക്രമണം. ബിജെപി എംഎൽഎയുടെ മകൻ ആദിവാസി യുവാവിന് നേരെ വെടിയുതിർത്തു. ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവം. എംഎൽഎയുടെ മകൻ ഒളിവിലാണ്. സിങ്‌ഗ്രൗലി ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബിജെപി എംഎൽഎ രാം ലല്ലു വൈശ്യയുടെ മകൻ വിവേകാനന്ദ് വൈശ്യയാണ് 34 കാരനായ സൂര്യ കുമാർ ഖൈർവാറിന് നേരെ വെടിയുതിർത്തത്. കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സിങ്‌ഗ്രൗലി ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്നു വിവേകാനന്ദ് വൈശ്യ. വാഹനം ഇടുങ്ങിയ റോഡിൽ എത്തിയപ്പോൾ ഒരു സംഘം ആളുകളുമായി വാക്കേറ്റമുണ്ടായി. സംഘം വഴിമുടക്കി നിൽക്കുകയാണെന്നും വഴിയിൽ നിന്ന് മാറാൻ ആവശ്യപ്പെടുകയും ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഇതിനിടെ കാറിൽ നിന്ന് ഇറങ്ങിയ വൈശ്യ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഖൈർവാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈശ്യ ഒളിവിലാണ്, ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വൈശ്യയുടെ ആദ്യത്തെ നിയമലംഘനമല്ല. ഫോറസ്റ്റ് ഗാർഡുകളെ ആക്രമിച്ച കേസിൽ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്ത് ജാമ്യം നേടിയിരുന്നു. എംഎൽഎ രാം ലല്ലു വൈശ്യ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന് കീഴിൽ സംസ്ഥാനത്ത് ആദിവാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടയിലാണ് പുതിയ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ ആക്രമണങ്ങൾ സർക്കാരിന് വൻ തിരിച്ചടിയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling