സമൂഹത്തെ ഇന്നത്തെ രീതിയില്‍ പുരോഗതിയിലേക്ക് എത്തിക്കാന്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെ അംഗീകരിക്കുമെന്ന് സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സംസ്ഥാന സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന സന്ദേശം ഉയര്‍ത്തി ആവിഷ്‌കരിച്ച 'സമം' ബോധവത്കരണ പരിപാടി ഉദ്ഘാടനവും സ്ത്രീ ശാക്തീകരണ പുരസ്‌കാര വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണ മേഖലയിലും വ്യവസായ മേഖലയിലും തുടങ്ങി നാടിന്റെ നാനാ മേഖലയില്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവരെ അംഗീകരിക്കുന്നതോ ആദരിക്കുന്നതോ കുറവാണ്. പലപ്പോഴും പുരസ്‌കാരങ്ങള്‍ പുരുഷന്‍മാര്‍ക്ക് മാത്രമാകുന്നു. സ്ത്രീകളെ മുഖ്യധാരായിലേക്ക് എത്തിക്കാനും അവര്‍ക്കാവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടിയാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ 'സമം' പരിപാടി ആസൂത്രണം ചെയ്തത്. ഇതിലൂടെ കേരളത്തിലെ വിവിധ മേഖലകളിലുള്ള ആയിരത്തോളം സ്ത്രീകളെ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരിക്കുന്നതായി മന്ത്രി പറഞ്ഞു.
സമം സ്ത്രീ ശാക്തീകരണ പുരസ്‌കാരത്തിന്
വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ജില്ലയിലെ 20 വനിതകളാണ് അര്‍ഹരായത്. സിനിമാതാരം നിഖില വിമല്‍, ഗായിക സയനോര ഫിലിപ്പ്, പൊതുപ്രവര്‍ത്തക കെ ലീല, ബോക്സിങ് താരവും ധ്യാന്‍ ചന്ദ് പുരസ്‌കാര ജേതാവുമായ കെ സി ലേഖ, ബീവി ഡോക്ടര്‍ എന്നറിയപ്പെടുന്ന സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. മുബാറക്ക ബീവി, ചെത്ത് തൊഴിലാളിയായ ഷീജ ജയകുമാര്‍, ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജലറാണി ടീച്ചര്‍, യുട്യൂബ് ട്രാവല്‍ വ്ളോഗര്‍ നാജി നൗഷി, നാടക കലാകാരി രജനി മേലൂര്‍, ചിത്രകാരി സുനിത തൃപ്പാണിക്കര, 80 വയസ് കഴിഞ്ഞ നിര്‍മാണ തൊഴിലാളി കെ സി നാരായണി മേസ്തിരി, തെയ്യം കലാകാരി കെ പി ലക്ഷ്മി, സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ വി കെ ലത, ബസ്സുടമയും ജീവനക്കാരിയുമായ റജി മോള്‍, ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, വനിത വ്യവസായി ഷൈന്‍ ബെനവന്‍, കണ്ണപുരം റെയില്‍വേസ്റ്റേഷനില്‍ ട്രാക്കില്‍ വീണു പോയ യാത്രക്കാരനെ രക്ഷിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സി അശ്വനി, നവ സംരംഭക സംഗീത അഭയ്, നൃത്ത കലാകാരി കലാമണ്ഡലം ലീലാമണി, സാഹിത്യകാരി എസ് സിത്താര എന്നിവരെയാണ് ആദരിച്ചത്.
ഇതോടൊപ്പം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ വലിച്ചെറിയല്‍ മുക്ത നഗരസഭയായ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, റിപ്പബ്ലിക് പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച പാപ്പിനിശ്ശേരിയിലെ സപ്തവര്‍ണ്ണ വനിത ശിങ്കാരിമേളം ടീം, ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കലാ ട്രൂപ്പ് ഭദ്ര ട്രാന്‍സ്‌ജെന്‍ഡര്‍സ് ഡാന്‍സ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരെയും ആദരിച്ചു.
പാപ്പിനിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള, ജില്ലാ പഞ്ചായത്ത് അംഗം ആബിദ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി അജിത, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രദീപ് കുമാര്‍, ഭാരത് ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, അവാര്‍ഡ് നിര്‍ണയ സമിതി അംഗം പി.കെ. ശ്വാമള ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്‍ തിരുവനന്തപുരം നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വജ്രജൂബിലി ഫെലോഷിപ്പിന് അര്‍ഹരായ ഗായികമാരും വാദ്യോപകരണ കലാകാരികളും ചേര്‍ന്നൊരുക്കിയ ഗ്രാമീണ ഗാനവിരുന്ന് പാട്ടുപെണ്മ, വിഖ്യാത കവി കടമ്മനിട്ടയുടെ 'കുറത്തി' എന്ന കവിതയുടെ സംഗീത ശില്പാവിഷ്‌കാരം, മുരുകന്‍ കാട്ടാക്കടയുടെ കവിതയെ അവലംബിച്ചുള്ള സംഗീത നൃത്തശില്പം സൂര്യകാന്തിനോവ്, ട്രാന്‍സ്‌ജെന്‍ഡര്‍ കലാ ട്രൂപ്പ് ഭദ്ര ഡാന്‍സിന്റെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
VIDEO
0 അഭിപ്രായങ്ങള്‍