രോഗിക്കും ജനങ്ങൾക്കും എന്ത് സംരക്ഷണമുണ്ട്?, ഡോക്ടർമാർക്ക് സംരക്ഷണം കിട്ടും;ഗണേഷ് കുമാർ

 ആശുപത്രി സംരക്ഷണ ബില്ലിനെ വിമർശിച്ച് കെ.ബി ഗണേഷ് കുമാർ എംഎൽഎ. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ നിയമം നിലവിൽ വന്നാൽ ജനങ്ങൾക്ക് എന്ത് സുരക്ഷ നൽകുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടു.

ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കുകയോ തരംതാഴ്‌ത്തി സംസാരിക്കുകയോ ചെയ്താൽ 10,000 രൂപ പിഴയോ മൂന്ന് മാസം തടവോ നൽകണമെന്ന വ്യവസ്ഥയിലാണ് അദ്ദേഹം എതിർപ്പ് ഉന്നയിച്ചത്.

‘നാട്ടിലുള്ളൊരു സംശയം ചോദിക്കുകയാണ്. ചട്ടത്തിന്റെയോ റൂളോ ഒന്നുമല്ല. ഇതിൽ ആരോഗ്യ പ്രവർത്തകരോട് മോശമായി സംസാരിച്ചാൽപ്പോലും വലിയ ശിക്ഷയാണ്. ഇത് ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സംരക്ഷണം നൽകുന്നുണ്ട് സമ്മതിച്ചു. രോഗികൾക്കും ജനങ്ങൾക്കും ഇതിൽ എന്തെങ്കിലും സംരക്ഷണമുണ്ടോ? അവർക്ക് എന്ത് സംരക്ഷണം നൽകുമെന്ന് മന്ത്രി പറയണം’ -ഗണേഷ് കുമാർ പറഞ്ഞു.

ആശുപത്രി തർക്കങ്ങളിൽ ഇടപെടുന്ന രാഷ്‌ട്രീയക്കാർക്കെതിരെ പോലും ഇത് പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഭരണ പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു. രോഗികളോ കൂട്ടിരിപ്പുകാരോ ആശുപത്രിയിൽ നടത്തുന്ന ഏത് തരത്തിലുള്ള ഇടപെടലുകളും കുറ്റകൃത്യമായി വ്യാഖ്യാനിക്കാൻ കഴിയുന്നത്ര അവ്യക്തമായ വകുപ്പാണ് ഇതെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം ഡോ. വന്ദന ദാസിന്റെ മരണം ഒരു നീറ്റലായി നിൽക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണെന്നും, ആ ജീവൻ സംരക്ഷിക്കണം എന്നതാണ് സർക്കാർ നിലപാടെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling