തിരുവാതിര കളിച്ച് പുരുഷ പൊലീസുകാർ, കൊടുങ്ങല്ലൂർ സ്റ്റേഷനിൽ പൊടിപാറിയ ഓണാഘോഷം -വീഡിയോ

 തൃശൂർ: ഓണാഘോഷങ്ങള്‍ എല്ലായിടത്തുമുണ്ടെങ്കിലും അല്പം വ്യത്യസ്ഥമായിരുന്നു തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം . തിരുവാതിര കളിയായിരുന്നു ഇവിടത്തെ ആഘോഷങ്ങളില്‍ ശ്രദ്ധേയം. കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾ കളം നിറഞ്ഞപ്പോൾ  കോടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് ചന്തം  പത്തരമാറ്റ്. ആഘോഷത്തിൻ്റെ ഭാഗമായി പരിപാടികള്‍ രാവിലെ മുതൽ  തന്നെ  ആരംഭിച്ചിരുന്നു. ഇതില്‍ ശ്രദ്ധേയമായത് പുരുഷന്മാരുടെ തിരുവാതിരക്കളിയാണ്. അവതരിപ്പിച്ചതാകട്ടെ എസ്.സി.പി.ഒ മുതല്‍ എസ്.ഐമാര്‍ വരെയുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരും. ഇതോടെ കേസും കൂട്ടവും അവധി പറഞ്ഞ  കൊടുങ്ങല്ലൂർ  സ്റ്റേഷൻ ആഘോഷ ലഹരിയിലായി.

എസ്.ഐമാരായ ജോബി,സെബി,ജിമ്പിള്‍,സാജന്‍, ജെയ്സന്‍,എ.എസ്ഐ മാരായ ബാബു,റെജി,ജഗദീഷ്,എസ്.സി.പി.ഒ ജാക്സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍..ആഘോഷത്തിൻ്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും  ഒരുക്കിയിരുന്നു. സിവിൽ പൊലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ, സി.ഐ.  ഇ.ആർ ബൈജു, എസ്.ഐ ഹരോൾഡ് ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling