അഞ്ച് വർഷം മുമ്പ് കാണാതായ മാധ്യമപ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി

ഛത്തീസ്ഗഢിൽ നിന്ന് അഞ്ച് വർഷം മുമ്പ് കാണാതായ മാധ്യമപ്രവർത്തകയുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഢിലെ കോർബ-ദാരി റോഡിൽ പോളിത്തീൻ ഷീറ്റിൽ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം. വാർത്താ അവതാരക സൽമ സുൽത്താനയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മാധ്യമപ്രവർത്തകയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം കണ്ടെത്തുന്നതിനായി കോർബ-ദാരി നാലുവരിപ്പാത കുഴിച്ച് പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. മൃതദേഹത്തോടൊപ്പം ഒരു ജോടി ചെരിപ്പും കണ്ടെടുത്തു. അതേസമയം മൃതദേഹം തിരിച്ചറിയാൻ സൽമയുടെ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. കോർബയുടെ പ്രാന്തപ്രദേശമായ കുസ്മുണ്ട സ്വദേശിയാണ് പതിനെട്ടുകാരിയായ സൽമ സുൽത്താന. 2018 ഒക്ടോബർ 21ന് കുസ്മുണ്ടയിൽ നിന്ന് കോർബയിലേക്ക് ജോലിക്കായി പോയ സൽമയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. കേസന്വേഷണത്തിനിടെയാണ് ഇപ്പോഴത്തെ ഈ നിർണായക കണ്ടെത്തൽ. അടുത്തിടെ ദാരി എസ്പി റോബിൻസൺ ഗുഡിയ തീർപ്പാക്കാത്ത കേസുകൾ അവലോകനം ചെയ്തിരുന്നു. തുടർന്ന് മെയ് മാസത്തിൽ സൽമ സുൽത്താനയുടെ കേസ് അന്വേഷണം വീണ്ടും ആരംഭിക്കാൻ നിർദേശം നൽകുകയായിരുന്നു. അന്വേഷണത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നീട് നടത്തിയ അന്വേഷണത്തിൽ കോർബയിലെ ഒരു ബാങ്കിൽ നിന്ന് സൽമ ലോൺ എടുത്തിരുന്നുവെന്നും 2018 വരെ യുവതി തിരിച്ചടച്ചിരുന്നതായും കണ്ടെത്തി. 2019 ന് ശേഷം വായ്പാ തിരിച്ചടവ് മുടങ്ങി. അന്വേഷണത്തിൽ, സൽമയെ അഞ്ച് വർഷം മുമ്പ് കൊലപ്പെടുത്തി മൃതദേഹം കോർബ-ദാരി റോഡിൽ കുഴിച്ചിട്ടതായി പൊലീസിന് വിവരം ലഭിച്ചു. മെയ് 30 ന്, സൽമയെ അടക്കം ചെയ്യാൻ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ജെസിബി കൊണ്ട് റോഡ് കുഴിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് കോർബ-ദാരി റോഡിന്റെ ഭൂമിശാസ്ത്രപരമായ ഘടന പൂർണ്ണമായും മാറിയെന്നും ഒറ്റപ്പാത നാലുവരി റോഡായി മാറിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് ചൊവ്വാഴ്ച വീണ്ടും പരിശോധന നടത്തി. ഇതോടെയാണ് മൃതദേഹം കണ്ടെടുത്തത്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling