മണിപ്പൂരിൽ കലാപത്തിന് അയവില്ല. ബിഷ്ണുപൂരിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. മണിക്കൂറുകളോളം ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ് ഉണ്ടായി. ഗ്രനേഡ് ആക്രമണവും നടന്നു. ഇതിനിടെ മണിപ്പൂരിലേത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപമെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൺ പ്രതികരിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിച്ചുകൊണ്ടിരിക്കുന്നു.കേന്ദ്ര സംസ്ഥാന സർക്കാറിന്റെ ഇടപെടൽ ഉണ്ടാകണം. പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ. ചർച്ചക്കുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

സംഘർഷത്തിന്റെ ആദ്യ മൂന്നു ദിവസങ്ങളിൽ എതിർ വിഭാഗത്തിന്റേതല്ലാത്ത നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടത് സംശയാസ്പദമാണ്. കത്തോലിക്ക ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിൽ ദുരൂഹതയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരെത്തി ക്യാമ്പുകൾ സന്ദർശിച്ചിരുന്നെങ്കിലും പറഞ്ഞ കാര്യങ്ങളിൽ വ്യക്തതയില്ല.
രാഷ്ട്രീയ ചർച്ചകൾ ഇതുവരെയും ഫലം കണ്ടിട്ടില്ല. നഷ്ടപരിഹാരം സംബന്ധിച്ച പ്രഖ്യാപനം സർക്കാർ നടത്തിയിട്ടില്ല. പലായനം ചെയ്തവർക്ക് മടങ്ങിയെത്താൻ കഴിയുമോ എന്ന് പോലും ഇപ്പോഴും ഉറപ്പില്ല. മെയ് മൂന്നിന് ആരംഭിച്ച കലാപം ഇപ്പോഴും തുടരുകയാണ്. രണ്ടു ദേശീയപാതകൾ അടഞ്ഞുകിടക്കുന്നു. കർഫ്യു പ്രഖ്യാപിച്ചെങ്കിലും വെടിവെപ്പ് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
0 അഭിപ്രായങ്ങള്‍