വനിതാ വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം; മൂന്നാറില്‍ ഷീ ലോഡ്ജ് ഒരുങ്ങുന്നു

മൂന്നാർ: ഇടുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ ഒരുങ്ങുന്നു. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാം മൈലിലെ പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്തുള്ള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന് സമീപമാണ് ഷീ ലോഡ്ജ് നിർമിക്കുന്നത്. ഡിസംബറിൽ ഉദ്ഘാടനം നടത്താനാണ് തീരുമാനം. മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളായ വനിതകൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനാണ് ഷീലോഡ്ജ് നിർമിക്കുന്നത്. എട്ട് മുറികൾ, 32 പേർക്കു താമസിക്കാവുന്ന ഡോർമിറ്ററി, ഭക്ഷണശാല, അടുക്കള എന്നിവ അടങ്ങിയതാണ് ലോഡ്ജ്. പഞ്ചായത്തിന്റെ തനത് പ്ലാൻ ഫണ്ടുകളിൽ നിന്നുള്ള 75 ലക്ഷം രൂപ ചെലവിട്ടാണ് ലോഡ്ജ് നിർമിക്കുന്നത്. എട്ടു മാസം മുമ്പാണ് ലോഡ്ജിന്റെ നിർമാണം ആരംഭിച്ചത്. ചിത്തിരപുരം, രണ്ടാം മൈൽ എന്നിവിടങ്ങളിലെ പ്രകൃതിഭംഗി ഓരോ മുറികളിലുമിരുന്ന് കാണാൻ കഴിയുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിർമാണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling