ഇടുക്കി: വാത്തിക്കുടി മേലേ ചിന്നാറിൽ ഭൂഗർഭ അറയിൽ നിന്ന് ചാരായവും കോടിയും നർകോട്ടിക് സ്ക്വാഡ് പിടിച്ചെടുത്തു. തേക്കുങ്കൽ ടി.ആർ.ജയേഷിന്റെ പുരയിടത്തിലെ ഷെഡിൽ കുഴി നിർമിച്ചാണ് ചാരായം വാറ്റ് നടത്തിയിരുന്നത്. 50 ലിറ്റർ ചാരായം, 600 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. എക്സൈസ് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഉദ്യോഗസ്ഥരെ കണ്ടതോടെ ജയേഷ് ഓടി രക്ഷപ്പെട്ടു. 2 മീറ്ററോളം ആഴത്തിലുള്ള കുഴിയാണ് വാറ്റിന് തയാറാക്കിയിരുന്നത്. 200 ലിറ്റർ കൊള്ളുന്ന 3 വീപ്പകൾ, വാറ്റുപകരണങ്ങൾ വാറ്റുന്നതിന് പ്രത്യേകം തയാറാക്കിയ ഇടം എന്നിവയും ഭൂഗർഭ അറയിൽ സജ്ജമാക്കിയിരുന്നു. കൂടാതെ മേലേചിന്നാർ കനകഭാഗത്തു നിന്ന് 3 ലിറ്റർ ചാരായവുമായി യുവാവിനെ നർകോട്ടിക് സംഘം അറസ്റ്റ് ചെയ്തു. കനകക്കുന്ന് കടുകത്തറ ജെൽബിനെയാണ് (35) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് ജയേഷുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ച് വരികയാണ്. പ്രിവന്റീവ് ഓഫിസർമാർ എൻ.കെ.ദിലീപ്, കെ.വി.പ്രദീപ്, സിഇഒമാരായ കെ.എം.സുരേഷ്, ധനീഷ് പുഷ്പ ചന്ദ്രൻ, അനൂപ് തോമസ്, ഡ്രൈവർ നിതിൻ ജോണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍