പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ സുഹൃത്ത് തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന പദ്ധതി.

പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ സുഹൃത്ത് തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന പദ്ധതി. കഴിഞ്ഞ ദിവസമാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ അപ്പുക്കുട്ടനെ(25) ആശുപത്രിയിൽ നിന്നും പിടികൂടിയത്. നഴ്സിന്റെ വേഷത്തിലെത്തിയ അനുഷ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സ്നേഹയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്നേഹയെ കൊലപ്പെടുത്തി ഭർത്താവ് അരുണിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന് അനുഷ നൽകിയ മൊഴി. കോളേജ് കാലഘട്ടം മുതൽ അരുണുമായി അടുപ്പത്തിലായിരുന്നുവെന്നാണ് അനുഷയുടെ മൊഴി. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സ്നേഹയെ കൊലപ്പെടുത്താൻ നഴ്സിന്റെ വേഷം ധരിച്ചാണ് അനുഷ എത്തിയത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ കൈ ഞരമ്പിലേക്ക് എയർ കടത്തി വിട്ട് കൊല്ലാനായിരുന്നു പദ്ധതി. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലമാണ് അനുഷയുടെ പദ്ധതി പൊളിഞ്ഞത്. എയർ എംബോളിസം എന്ന സംവിധാനത്തിലൂടെ സ്നേഹയെ കൊലപ്പെടുത്താനാണ് അനുഷ പദ്ധതിയിട്ടത്. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാം. ശ്വാസകോശത്തിന്റെ അമിത വികാസത്തിന് ഈ അവസ്ഥ കാരണമാകുന്നതോടെ ഹൃദയാഘാതം അടക്കം ഉണ്ടാകും. മുമ്പ് ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന അനുഷ ഈ മുൻപരിചയം കൈമുതലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 120 മില്ലി ലിറ്ററിന്റെ സിറിഞ്ചാണ് ഇതിന് ഉപയോഗിച്ചത്. സിറിഞ്ച് കുത്തിവെച്ചതോടെ സ്നേഹയ്ക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും അപകടനില തരണം ചെയ്തു. അനുഷയെ ഇന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും. സ്നേഹയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഒരു വർഷം മുമ്പ് വിവാഹിതയായ അനുഷയുടെ ഭർത്താവ് വിദേശത്താണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling