ചെറുകുന്ന് ഗ്രാമപഞ്ചായത്ത് മുട്ടിൽ സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു

 സാംസ്കാരിക രംഗം കേരളം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മേഖല: മന്ത്രി സജി ചെറിയാൻ
കേരളം കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണ് സാംസ്കാരിക രംഗമെന്ന് ഫിഷറീസ് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെറുകുന്ന് മുട്ടിൽ സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്വേഷത്തിൻ്റെയും പകയുടെയും ശത്രുതയുടെയും കാലത്ത് മനുഷ്യനെന്തെന്ന് മനുഷ്യരെ പഠിപ്പിക്കേണ്ട കാലമാണിതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ ഉദ്ബോധിപ്പിക്കാനുള്ള സാംസ്കാരിക പ്രവർത്തനങ്ങളാണ് നാടിന് ആവശ്യം. സംസ്കാരത്തെ രൂപപ്പെടുത്തേണ്ടത് സമൂഹമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പ്രാർഥനകളും അവനവനു വേണ്ടി മാത്രമാകരുത്; മനുഷ്യനെ ഒത്തൊരുമിപ്പിക്കുന്ന ഘടകമായി മാറണമെന്നും മന്ത്രി പറഞ്ഞു. 


എം എൽ എ യുടെ  പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി  38 ലക്ഷം രൂപയാണ് സാംസ്കാരിക നിലയം നിർമിക്കാൻ അനുവദിച്ചത്. 178 ചതുരശ്ര മീറ്ററിൽ നിർമിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ   വായനാമുറി, ഓഫീസ്, സ്റ്റെയർ റും, ടോയ്ലറ്റ് എന്നിവയും , ഒന്നാം നിലയിൽ  മീറ്റിംഗ് ഹാൾ, ടോയ്ലറ്റ് എന്നിവയുമാണ് ഒരുക്കിയത്. അംഗപരിമിതർക്ക്  റാമ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.  കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ യു വി രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ടി നിഷ, ജില്ലാപഞ്ചായത്തംഗം എസ് കെ ആബിദ ടീച്ചർ, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സജീവൻ, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ പരാഗൻ, വാർഡ് മെമ്പർ ഒ വി ഷൈമ, ചെറുകുന്ന് പഞ്ചായത്ത് സെക്രട്ടി വി രാജീവൻ തുടങ്ങിയവർ സംസാരിച്ചു. താവം ഗ്രാമവേദിയുടെ നാടൻ പാട്ടും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling