കുർബാനക്കിടെ ഹൃദായാഘാതം, ആംബുലൻസിന് വഴിയൊരുക്കാൻ നാട് കൈ കോർത്തു, ഒരുമാസം ചികിത്സയിൽ; നൊമ്പരമായി ആൻമരിയ

കട്ടപ്പന: ഇടുക്കി കട്ടപ്പന ഇരട്ടയാർ നത്തുകല്ലിൽ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൻ മരിയ ജോയുടെ മരണം നാടിന് നൊമ്പരമാകുന്നു. കഴിഞ്ഞ ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിലെ കുർബാനക്കിടയാണ് ആൻ മരിയയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. അതീവ ഗുരുതരാവസ്ഥയിവലായ ആൻമരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയത് വലിയ വാർത്തയായിരുന്നു. ആംബുലൻ കടന്ന് പോകാനായി നാട് കൈകോർത്തതോടെ 139 കിലോമീറ്റർ രണ്ടു മണിക്കൂർ 39 മിനിറ്റുകൊണ്ട് പിന്നിട്ടാണ് ആൻ മരിയയെ ആശുപത്രിയിലെത്തിച്ചത്. ജൂൺ ഒന്നിന് ഇരട്ടയാർ സെൻറ് തോമസ് പള്ളയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാരുടെ നിർദ്ദേശിച്ചു. കുറഞ്ഞ സമയം കൊണ്ട് മലയോര പാതയിലൂടെ കൊച്ചിയിലെത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. ആംബുലൻസിൽ കൊണ്ടുപോകുന്ന കുട്ടിക്ക് വഴിയൊരുക്കാൻ ബന്ധുക്കൾ അഭ്യർത്ഥിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് ഇടപെട്ടു. മാധ്യമങ്ങളും പോലീസും സമൂഹമാധ്യമ കൂട്ടായ്മകളും ആംബുലൻസ് കടന്നു പോകുന്ന വഴി പ്രചരിപ്പിച്ചു. അങ്ങനെ നാടൊന്നാകെ കൈകോർത്ത് ആൻ മരിയയ്ക്ക് വഴിയൊരുക്കി. അങ്ങനെ തടസ്സങ്ങൾ ഒന്നുമില്ലാതെ കട്ടപ്പനയിൽ നിന്ന് 139 കിലോമീറ്റർ പിന്നിട്ട് രണ്ടു മണിക്കൂർ 39 മിനിറ്റുകൊണ്ട് ആൻ മരിയയെ അമൃത ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ ആദ്യ ദിവസങ്ങളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളായി. ജൂലൈ 26ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ആരോഗ്യം വീണ്ടെടുത്ത് ആൻമരിയ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്നലെ രാത്രി 11.49 ന് സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling