അഞ്ജുവിന് ശേഷം ദീപിക, ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനുമായി കുവൈത്തിലെത്തി, പൊലീസിൽ പരാതി

ജയ്പൂർ: രാജസ്ഥാൻ യുവതി സോഷ്യൽമീഡിയ കാമുകനെ തേടി പാകിസ്ഥാനിലേക്ക് നാടുവിട്ടതിന് പിന്നാലെ സമാനമായ മറ്റൊരു സംഭവവും രാജസ്ഥാനിൽ നിന്ന് റിപ്പോർട്ട് ചെയ്തു. 35 കാരിയായ രാജസ്ഥാൻ യുവതി രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കുവൈത്തിലേക്ക് ഒളിച്ചോടി. ദുംഗർപൂർ ജില്ലയിലാണ് സംഭവം. ദീപിക പട്ടിദാർ എന്ന യുവതിയാണ് ഒളിച്ചോടിയത്. ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. പണവും ആഭരണങ്ങളുമായി ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. കാമുകൻ ഇർഫാൻ ഹൈദറിനൊപ്പമാണ് ദീപിക പട്ടിദാർ ഒളിച്ചോടിയത്. ബുർഖ ധരിച്ച യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കുടുംബം ഇക്കാര്യം അറിഞ്ഞതെന്ന് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. താൻ മുംബൈയിലാണ് ജോലി ചെയ്യുന്നതെന്നും ഭാര്യ ദീപിക 11 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുമായി രാജസ്ഥാനിലെ വീട്ടിൽ കഴിയുകയായിരുന്നെന്നും ഭർത്താവ് മുകേഷ് പൊലീസിനോട് പറഞ്ഞു. ചികിത്സയ്ക്കായി ദീപിക പലപ്പോഴും ഗുജറാത്തിലേക്കോ ഉദയ്പൂരിലേക്കോ പോകാറുണ്ടായിരുന്നു. ജൂലൈ 10 ന്, അസുഖമാണെന്ന് പറഞ്ഞ് ചികിത്സക്കായി ദീപിക ഗുജറാത്തിലേക്ക് പോയി. എന്നാൽ, ജൂലൈ 13 വരെ അവൾ തിരിച്ചെത്തിയില്ല. പകരം ഭർത്താവുമായി ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വാട്ട്‌സ്ആപ്പ് കോൾ ചെയ്തു. മുകേഷ് രാജസ്ഥാനിലെ വീട്ടിൽ എത്തിയപ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇർഫാൻ ഹൈദർ തന്റെ ഭാര്യയെ ബ്രെയിൻ വാഷ് ചെയ്ത് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്നും മുകേഷ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹൈദറിനെ കാണാൻ ദീപിക പലപ്പോഴും ഗുജറാത്തിലെ സബർ കാന്തയിലെ ഖേദ് ബ്രഹ്മ സന്ദർശിച്ചിരുന്നു. ദീപികയെ ഇയാൾ കുവൈറ്റിലേക്ക് കൊണ്ടുപോയതായി കണ്ടെത്തിയതായി ഛിത്രി എസ്എച്ച്ഒ ഗോവിന്ദ് സിംഗ് പറഞ്ഞു. എങ്ങനെയാണ് ഇരുവർക്കും വിസ ലഭിച്ചതെന്ന് അന്വേഷിക്കുകയാണ്. സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലേക്ക് പോയ അഞ്ജുവിന്റെ കേസുമായി ഈ സംഭവം സാമ്യം പുലർത്തുന്നു. രാജസ്ഥാനിലെ ഭിവാദി ജില്ലയിൽ നിന്നുള്ള അഞ്ജു ജൂലൈയിൽ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് 29 കാരനായ ഫേസ്ബുക്ക് സുഹൃത്ത് നസ്‌റുല്ലയെ കാണാൻ പുറപ്പെട്ടു. പാക് യുവാവിനെ വിവാഹം കഴിച്ച അഞ്ജു ഇപ്പോൾ ഭർത്താവിനൊപ്പമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling