ലഗാൻ, ജോധ അക്ബർ ചിത്രങ്ങളുടെ കലാസംവിധായകൻ ആത്മഹത്യ ചെയ്ത നിലയിൽ

ബോളിവുഡ്ഡിലെ പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ദേശായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 58 വയസായിരുന്നു. മുംബൈയിലെ സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി സ്റ്റുഡിയോയിൽ, ബുധനാഴ്ച രാവിലെ തുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് പുലർച്ചെ നാലരയോടെയാണ് നിതിൻ ദേശായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റുഡിയോയിൽ മൃതദേഹം കണ്ട ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിതിൻ ദേശായി ആത്മഹത്യ ചെയ്തതെന്ന് കർജാത്തിൽ നിന്നുള്ള ബിജെപി എംഎൽഎ മഹേഷ് ബാൽഡി പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് നിതിൻ ദേശായിയുടെ എൻഡി സ്റ്റുഡിയോ. സാമ്പത്തിക പ്രതിസന്ധിയിൽ ഏറെ നാളായി വിഷമത്തിലായിരുന്നുവെന്നും ബാൽഡി പ്രതികരിച്ചു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുമ്പ് വരെ അദ്ദേഹം സ്റ്റുഡിയോയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് അദ്ദേഹം തന്റെ ടീമിനെയും അറിയിച്ചിരുന്നു. മികച്ച കലാസംവിധായകനുള്ള ദേശീയ അവാർഡ് നാല് തവണ നേടിയ വ്യക്തിയാണ് അദ്ദേഹം. ‘ഹം ദില്‍ ദേ ചുകേ സനം’, ‘ദേവദാസ്’, ‘ജോധ അക്ബര്‍’, ‘ലഗാന്‍’ എന്നീ സിനിമകളുടെ കലാസംവിധാനത്തിനായിരുന്നു പുരസ്‌കാരം. രണ്ടുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ സഞ്ജയ് ലീല ബന്‍സാലി, അശുതോഷ് ഗോവാരിക്കര്‍, വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി, തുടങ്ങി നിരവധി പ്രമുഖ ചലച്ചിത്രകാരന്‍മൊര്‍ക്കൊപ്പവും ദേശായി പ്രവര്‍ത്തിച്ചു. 2002-ൽ ചന്ദ്രകാന്ത് പ്രൊഡക്ഷൻസിന്റെ ‘ദേശ് ദേവി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിർമ്മാതാവായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling