കണ്ണൂര്‍ നഗരം കൂടുതല്‍ തിളങ്ങും. താണ, പ്ലാസ ജംഗ്ഷനുകളില്‍ നവീകരിച്ച തെരുവ് വിളക്കുകള്‍ തെളിഞ്ഞു.

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി താണ, പ്ലാസ എന്നിവിടങ്ങളില്‍ സ്ഥാപിച്ച 58 തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
താണയില്‍ സാധൂ കല്ല്യാണ മണ്ഡപം മുതല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരെ 20 തൂണുകളിലായി 75 വാട്ട്‌സ് വീതമുള്ള 40 മനോഹരമായ എല്‍ ഇ ഡി വിളക്കുകളാണ് സ്ഥാപിച്ചത്. 8 മീറ്റര്‍ അകലത്തിലാണ് തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റെയില്‍ വേസ്റ്റേഷന്‍ പരിസരത്തുനിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള രാത്രിയാത്ര സുഗമമാക്കുന്നതിനായി പ്ലാസ ജംഗ്ഷന്‍ മുതല്‍ പുതിയ ബസ് സ്റ്റാന്റ് ഐ ഒ സി വരെ 18 പോസ്റ്റുകളിലായി 200 വാട്‌സിന്റെ ഓരോ പുതിയ ലൈറ്റ് വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ലൈറ്റ് സ്ഥാപിക്കുന്നതിനും, പരിപാലിക്കുന്നതിനും, വൈദ്യുതി ചാര്‍ജ് അടക്കുന്നതും ഉള്‍പ്പെടെയുള്ള ചെലവുകള്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് കണ്ടെത്തുന്നത്. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നേരത്തെ രണ്ടു ഘട്ടങ്ങളിലായി ഗാന്ധി സര്‍ക്കിള്‍ മുതല്‍ ചേമ്പര്‍ ഹാള്‍ വരെയും, പയ്യാമ്പലത്തും ഇത്തരത്തില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരം കൂടുതല്‍ പ്രകാശിതവും സൗന്ദര്യമുള്ളതും ആക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ തെരുവിളകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും തുടരുമെന്ന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അറിയിച്ചു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍,കുക്കിരി രാജേഷ്, കെ സുരേഷ് കുമാര്‍, കെ പി അബ്ദുല്‍ റസാഖ്, ഇ ടി സാവിത്രി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling