വൈറല്‍ തെരഞ്ഞെടുപ്പും സ്കൂളും റിപ്പോര്‍ട്ടിംഗും! കുട്ടികൾക്ക് സർപ്രൈസ് ഒരുക്കി ഏഷ്യാനെറ്റ് ന്യൂസ് സംഘവു

കോഴിക്കോട്: എല്ലാ സ്കൂളുകളിലും തെരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതിൽ കുട്ടികളും അധ്യാപകരും പങ്കെടുക്കാറുമുണ്ട്. കോഴിക്കോട് കൊടുവള്ളി കരേറ്റിപ്പറമ്പ് എസ്എച്ച്ഐആർ യുപി സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂൾ തെരഞ്ഞെടുപ്പ് വൈറലാക്കി. അവരുടെ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരും ക്യാമറയുമെത്തി. ലൈവ് സംപ്രേഷണത്തിന് ഡിഎസ്എൻജിയും. ഇതെല്ലാം ഇവർ തയ്യാറാക്കി എന്നതാണ് അതിലെ കൗതുകം. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവിടെയെല്ലാം അവർ ഉപയോ​ഗിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്റെ എംബ്ലം ആയിരുന്നു എന്നതാണ്. സ്കൂൾ വാനിന് മുകളിൽ ഒരു കുട പേപ്പറൊട്ടിച്ച് ഫിറ്റ് ചെയ്താണ് ഡിഎസ്എൻജി തയ്യാറാക്കിയത്. എല്ലാവർഷവും നടത്തുന്ന സ്കൂൾ തെരഞ്ഞെടുപ്പ് ഈ വർഷം എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയുടെ ഫലമാണീ കാഴ്ചയെന്ന് അധ്യാപകർ പറയുന്നു. മാത്രമല്ല, പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു ഇതിന് പിന്നിൽ. ഇവർക്ക് വേണ്ടി ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോ ഒരു സർപ്രൈസ് കൂടി ഒരുക്കിയിരുന്നു. ഡിഎസ്എൻ‌ജി ഒരുക്കിയ സ്കൂളിന്റെ മുറ്റത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒറിജിനൽ ഡിഎസ്എൻജി വന്നു നിന്നു. നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു കുട്ടികളുടെ പ്രതികരണം. ''കുട്ടികൾ അവരുടെ ജീവിതം തുടങ്ങുന്ന സമയമാണ്. അവർ ന്യൂസ് ടെലകാസ്റ്റിന്റെ ഒരു ഡെമോ തയ്യാറാക്കിയപ്പോൾ അവരുടെ മനസ്സിൽ വരുന്ന പേര് ഏഷ്യാനെറ്റ് ന്യൂസ് എന്നാണ്. ഇതിലുള്ള സന്തോഷവും നന്മയുമൊക്കെ അവർക്ക് തിരിച്ചു കൊടുക്കുക എന്നുള്ള ഉദ്ദേശത്തിലാണ് ഞങ്ങൾ‌ വന്നത്. ഏഷ്യാനെറ്റ് ന്യൂസിന് കിട്ടുന്ന വിലപ്പെട്ട ഒരു ഫീഡ് ബാക്ക് കൂടിയാണിത്.'' ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജിയണൽ എഡിറ്റർ ഷാജഹാൻ കാളിയത്ത് പറഞ്ഞു. എന്തായാലും ഈ സ്കൂളും കുട്ടികളും അവരുടെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling