വീണ്ടും തോക്കേന്തി മാവോയിസ്റ്റുകള്‍. കീഴ്പ്പള്ളി വിയറ്റ്‌നാം ടൗണില്‍ പ്രകടനം നടത്തി

വീണ്ടും തോക്കേന്തി മാവോയിസ്റ്റുകള്‍. കീഴ്പ്പള്ളി വിയറ്റ്‌നാം ടൗണില്‍ പ്രകടനം നടത്തി ഇരിട്ടി:
ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിൽ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. മൂന്ന് സ്ത്രീകൾ അടങ്ങുന്ന 11 അംഗ സായുധ മാവോയിസ്റ്റ് സംഘമാണ് ടൗണിലെത്തി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തത്.
സി പി ഐ മാവോയിസ്റ്റ് കബനി ഏറിയ സമിതി എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററുകളിൽ ആറളം ഫാം തൊഴിലാളികൾ അടിമകളല്ല ഉടമകളാണ്‌, ആറളം ഫാം തൊഴിൽ ഒത്തുതീർപ്പ് ട്രേഡ് യൂണിയൻ വഞ്ചകരെ തിരിച്ചറിയുക എന്നിവയാണ് എഴുതിയിരിക്കുന്നത്. അരമണിക്കൂറോളം ടൗണിൽ ചിലവഴിച്ച സംഘം അബ്ദുൽ റഹിമാന്റെ കടയിൽ നിന്നും 1000 രൂപയുടെ സാധനങ്ങൾ വാങ്ങിയാണ് തിരിച്ചു പോയത്. കേരളാ വനത്തിൽ നിന്നും ബാബുവിന്റെ വീടിനു സമീപത്ത് കൂടി എത്തിയ സംഘം അബ്ദുൽ റഹിമാന്റെ കടക്ക് സമീപത്തെ വഴിയിലൂടെ കാട്ടിലേക്ക് മടങ്ങി. വിയറ്റ്നാമിലെ വീടുകളിൽ മുൻപ് അഞ്ചംഗ സംഘം നിരവധി തവണ എത്തിയിട്ടുണ്ടെങ്കിലും ടൗണിൽ എത്തുന്നത് ഇത് ആദ്യമായാണ്. അടുത്തിടെ എടപ്പുഴയിലും വാളത്തോടും അഞ്ചാംഗ സംഘമെത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. മുൻപ് വിയറ്റ്നാമിൽ എത്തിയപ്പോൾ ബാരാപ്പോൾ തകർക്കുമെന്ന ഭീഷണി മുഴക്കിയതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇരിട്ടി എ എസ് പി തപോഷ്‌ ബസുമതാരി , ആറളം എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling