ഇരിട്ടി:
നാക് സംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് നവീകരിച്ച ഇരിട്ടി മഹാത്മാഗാന്ധി കോളേജിന്റെ സെൻട്രൽ ലൈബ്രറിയും മ്യൂസിയവും ആർട്ട് ഗാലറിയും കാണാൻ ഇരിട്ടി നഗരസഭയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കോളേജ് അധികൃതർ. വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചു വരെ സൗജന്യമായിട്ടായിരുന്നു അവസരം നൽകിയത്.
കോളേജ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനം ലൈബ്രെറിയൻ ഡോ . ലിൻഷയും കെ. ജയപ്രകാശും വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി.
പറഞ്ഞു കേട്ടതല്ലാതെ ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ നിരവധി പുരാതന വസ്തുക്കൾ ആണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കൂത്തുപറമ്പ് സ്വദേശി അഷ്‌റഫിന്റെ കയ്യിലുള്ള പുരാതന വസ്തുക്കളാണ് മ്യൂസിയത്തിലെ പ്രദർശന വസ്തുക്കൾ. ഇതിൽ രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള നാണയങ്ങൾ മുതൽ നമ്മുടെ പഴയ തലമുറ ഉപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള പാത്രങ്ങൾ, ഉപകരണങ്ങൾ, ഇപ്പോഴും മധുരശബ്ദം പൊഴിക്കുന്ന ഗ്രാമഫോണുകൾ വരെ ഉൾപ്പെടുന്നു.
ഗാന്ധിജിയുടെ ജീവിതം മുഴുവൻ വരച്ചു കാട്ടുന്ന നിരവധി ഫോട്ടോകളാണ് ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുള്ളത്. ഇതെല്ലം കൗതകത്തോടെയും അദ്‌ഭുതത്തോടെയുമാണ് വിദ്യാർഥികൾ നോക്കിക്കണ്ടത്. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലെ വിദ്യാർഥികളാണ് കോളേജിൽ എത്തിച്ചേർന്നത്.
ലൈബ്രറി തുറന്നു കൊടുക്കൽ ചടങ്ങ് വാർഡ് കൗൺസിലർ എൻ. സിന്ധു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സമീർ പുന്നാട്, ഡോ. കെ. അനീഷ് കുമാർ, രാഹുൽ കോളാരി, പി.സി. അഷ്‌റഫ് എന്നിവർ സംസാരിച്ചു. ഡോ. ലിൻഷ സ്വാഗതവും സാനിയ സജീവൻ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍