പ്രദർശനത്തിന് വച്ച ഡ്യൂക്ക് അടിച്ചുമാറ്റി, പെട്രോളടിച്ചു, പണം ചോദിച്ചപ്പോൾ മൂക്കിടിച്ച് പരത്തി, യുവാവ് പിടിയിൽ
 കോഴിക്കോട്: നടക്കാവിലെ ബൈക്ക് ഷോറൂമിൽനിന്ന് കവർന്ന ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയിൽ പിടിയിൽ. കുരുവട്ടൂർ പറമ്പിൽ പാറയിൽ വീട്ടിൽ കിരൺചന്ദ് (27) ആണ് അറസ്റ്റിലായത്. മൂരാട് പാലയാട് നട പെട്രോൾ പമ്പിൽനിന്ന് പെട്രോൾ അടിച്ചശേഷം പണമടയ്‌ക്കാതെ ജീവനക്കാരനെ മർദിച്ച്‌ കടന്നുകളഞ്ഞ ഇയാളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി വടകര പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ച ബൈക്കാണെന്ന് മനസ്സിലായത്. നടക്കാവ് വണ്ടിപ്പേട്ടയിലെ കെവിആർ ഷോറൂമിൽ പ്രദർശനത്തിനുവച്ച കെടിഎം ബൈക്കാണ് ഇയാൾ ഗ്രിൽസ് തകർത്ത് മോഷ്‌ടിച്ചത്. ഈ ബൈക്കുമായി വടകര ഭാഗത്തേക്ക് വരുന്നതിനിടെ ഞായറാഴ്ച രാവിലെ 6.30 ന് മൂരാട് ബ്രദേഴ്‌സിലെ മാധവം ഫ്യൂവൽസിൽ പെട്രോൾ അടിക്കാൻ കയറി.

ഇന്ധനം അടിച്ചശേഷം പണം ഗൂഗിൾ പേ വഴി അടയ്ക്കാമെന്ന് പറഞ്ഞു. പണം കിട്ടാതായതോടെ ജീവനക്കാരൻ ഇതിനെ ചോദ്യം ചെയ്തു. ഇതിനിടെ ഇയാൾ ജീവനക്കാരന്റെ മൂക്കിനിടിച്ച് വീഴ്ത്തി കടന്ന് കളയുകയായിരുന്നു. ഇതോടെ  ബൈക്കിനെ പിന്തുടർന്ന നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling