ഭാരിച്ച ഉത്തരവാദിത്തം മാത്രമല്ല, ലഭിക്കുക വൻ ആനുകൂല്യങ്ങളും ! ISRO ലെ ജീവനക്കാർ പറയുന്നു…

 ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗിന് പിന്നാലെ വിജയാഹ്ലാദത്തിൽ പരസ്പരം ആലിംഗനം ചെയ്യുകയും കൈയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഇസ്രോ ജീവനക്കാരെയാണ് ടെലിവിഷനിലൂടെ നാം കണ്ടത്. ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം പൂണ്ടത് ഇസ്രോയിലെ ജീവിതത്തെ കുറിച്ചാണ്. ISRO ലെ തൊഴിൽ ജീവിതം എങ്ങനെയാകും, അന്തരീക്ഷം എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ക്വോറയിലൂടെയും മറ്റും ഉയർന്നത്. അതിന് ISRO ലെ പല ജീവനക്കാരും മറുപടിയുമായി രംഗത്തെത്തിഐഎസ്ആർഒയിലെ ജോലി ഭാരിച്ച ഉത്തരവാദിത്തമാണെങ്കിൽ അതിനൊപ്പം ലഭിക്കുക വലിയ ആനുകൂല്യങ്ങൾ കൂടിയാണെന്നാണ് ലഭിച്ച മറുപടികളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

56,100 രൂപയാണ് ISRO ലെ അടിസ്ഥാന ശമ്പളമെന്ന് ഇസ്രോ മുൻ ശാസ്ത്രജ്ഞൻ യഷ് ഗുഹ ക്വോറയിൽ കുറിച്ചു. ഇതിന് പുറമെ ഡിയർനെസ് അലവൻസുണ്ട്. ഒപ്പം ഹൗസ് റെന്റ് അലവൻസ്, ട്രാവൽ അലവൻസ് എന്നിവ ലഭിക്കും. എച്ച്ആർഎ എന്നത് അടിസ്ഥാന ശമ്പളത്തിന്റെ 10-20% വരെ വരും.

9-10 മണിക്കൂർ വരെയാകും ജോലി സമയമെന്ന് ഐഎസ്ആർഒയിലെ സിസ്റ്റം എഞ്ചിനിയറായ അവിനാഷ് ഹിന്ദുജ പറയുന്നു. 2007 മുതൽ ഇസ്രോയിൽ സേവനമനുഷ്ഠിക്കുകയാണ് അവിനാശ്. ഈ 9 മണിക്കൂർ ജോലി സമയത്തിൽ രണ്ട് ചായ ബ്രേക്കും ഒരു ലഞ്ച് ബ്രേക്കുമുണ്ട്. ആഴചയിൽ രണ്ട് ദിവസം അവധിയാണ്. എന്നാൽ പ്രൊജക്ട് ലോഞ്ച് പോലുള്ള നിർണായക ഘട്ടങ്ങളിൽ അവധി മറക്കേണ്ടി വരും.

സർക്കാർ അവധി ദിവസങ്ങൾക്ക് പുറമെ 10 കാഷ്വൽ ലീവും 30 ഏൺഡ് ലീവും ലഭിക്കുമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ശബരി ശ്രീകുമാർ ക്വോറയിൽ കുറിച്ചു. മെഡിക്കൽ ലീവ് വേറെയും ലഭിക്കും. വനിതാ ജീവനക്കാർക്ക് ആറ് മാസത്തെ പ്രസവാവധിയും രണ്ട് വർഷം വരെ ശമ്പളത്തോടുകൂടിയ ചൈൽഡ് കെയർ ലീവും ലഭിക്കും.

മിക്കപ്പോഴും ഇസ്രോ ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് നൽകും. ഐഎസ്ആർഒ കാന്റീനിൽ ഭക്ഷണത്തിന് തുച്ഛമായ തുകയേ ഈടാക്കുകയുള്ളു. ഉച്ചയൂണിന് അഞ്ച് രൂപ. പ്രഭാതഭക്ഷണത്തിന് അതിലും കുറവ്. പ്രാതലും വൈകീട്ടത്തെ ചായയും സൗജന്യം. കുട്ടികളുടെ പഠന ചെലവും സ്ഥാപനം വഹിക്കും.

മറ്റ് കേന്ദ്ര സർക്കാർ ജീവനക്കാരെ പോലെ രാജ്യമൊട്ടാകെ ഓടി നടക്കേണ്ടതായി വരില്ല ഇസ്രോയിലെ ജീവനക്കാർക്കെന്ന് മറ്റൊരു ജീവനക്കാരനായ ജയകുമാർ ചന്ദ്രശേഖരൻ പറയുന്നു.

പുതുതായി ഇസ്രോയിൽ ചേരുന്ന വ്യക്തിക്ക് മൂന്ന് മാസം ഇൻഡക്ഷൻ പ്രോഗ്രാമുണ്ടാകും. ഇക്കാലയളവിൽ ഇസ്രോയെ കുറിച്ചും, സ്‌പേസ് സയൻസ്, ലോഞ്ചിംഗ് ടെക്‌നോളജി, വിവിധ പദ്ധതികൾ, സാറ്റലൈറ്റ് ലോഞ്ചിംഗ്, പ്രൊപൽഷൻ, കൺട്രോൾ, എയറോഡൈനാമിക്‌സ്, റിവ്യൂ മെക്കാനിസം എന്നിവയെ കുറിച്ച് പഠിപ്പിക്കുമെന്ന് രാജേഷ് ഗുല്ലം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling