World Mosquito Day 2023 : കൊതുകുകൾ പരത്തുന്ന പ്രധാനപ്പെട്ട അഞ്ച് രോഗങ്ങളെ കുറിച്ചറിയാം

എല്ലാവർഷവും ആ​ഗസ്റ്റ് 20 ലോക കൊതുക് ദിനമായി ആചരിക്കുന്നു. 1897 ആഗസ്ത് 20 നാണ് മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ് ഈ കണ്ടെത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണാക്കായാണ് അന്നേ ദിവസം ലോക കൊതുക് ദിനമായി ആചരിക്കുന്നത്. കൊതുകുകളുടെ അപകടങ്ങളെ കുറിച്ചും കൊതുക് പരത്തുന്ന രോഗങ്ങളിൽ നിന്ന് നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ലോകം ലോക കൊതുക് ദിനം ആചരിക്കുന്നു. മലേറിയയും ഡെങ്കിപ്പനിയും അല്ലാതെ മറ്റ് ചില രോ​ഗങ്ങൾ കൊതുക് കടി മൂലം ഉണ്ടാകാം. കൊതുക് പരത്തുന്ന അഞ്ച് രോഗങ്ങൾ... മലേറിയ... പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന കൊതുക് പരത്തുന്ന ഏറ്റവും അറിയപ്പെടുന്ന രോഗങ്ങളിലൊന്നാണ് മലേറിയ. കൊതുകുകടിയിലൂടെയാണ് രോ​ഗം മനുഷ്യരിലേക്ക് പകരുന്നത്. ഇത് പനി, വിറയൽ, തലവേദന, പേശിവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് ഫരീദാബാദിലെ ഏഷ്യൻ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡോ രാജേഷ് കുമാർ ബുദ്ധിരാജ പറയുന്നു. ചില കേസുകളിൽ,ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ മലേറിയ മാരകമായേക്കാം. ഇത് തടയാൻ ഇൻഡോർ റെസിഷ്യൽ സ്പ്രേ, ആൻറിമലേറിയൽ മരുന്നുകൾ എന്നിവ ഉപയോഗിക്കുക. ഡെങ്കിപ്പനി... കൊതുകുകൾ മൂലമുണ്ടാകുന്ന മറ്റൊരു രോ​ഗമാണ് ഡെങ്കിപ്പനി. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളാണ് ഈഡിസ് കൊതുകു കടിക്ക് ഇരയാകുന്നത്. ഇത് രോഗം പകരുന്നതിന് കാരണമാകുന്നു. തലവേദന, ശരീരവേദന, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ഡങ്കിപ്പനി ബാധിച്ചാൽ പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമാകും. ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന കടുത്ത പനി, സന്ധികളിലും പേശികളിലും കടുത്ത വേദന, കണ്ണുകളിലെ അസ്വസ്ഥത എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചിക്കുൻഗുനിയ... ഈഡിസ് കൊതുകുകൾ മൂലമുണ്ടാകുന്ന രോ​ഗമാണ് ചിക്കുൻഗുനിയ. പനി, നീർവീക്കം, പേശിവേദന, തലവേദന, ചുണങ്ങു തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിക്കുൻഗുനിയ ബാധിച്ച വ്യക്തി ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുന്നു. സിക്ക വൈറസ്... ഈഡിസ് കൊതുകുകൾ പരത്തുന്ന രോ​ഗമാണ് സിക്ക വൈറസ്. പനി, തലവേദന, ചുണങ്ങു, സന്ധി വേദന, കണ്ണിന്റെ ചുവപ്പ് തുടങ്ങിയ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ ഇതിന് ഉണ്ടാകാം. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. മൂന്ന് മുതൽ 14 ദിവസമാണ് സിക്ക വൈറസിൻറെ ഇൻകുബേഷൻ കാലയളവ്. വെസ്റ്റ് നൈൽ വൈറസ്... രോഗബാധിതരായ ക്യൂലക്‌സ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന വെസ്റ്റ് നൈൽ വൈറസിന് നേരിയ പനി മുതൽ കഠിനമായ നാഡീസംബന്ധമായ അവസ്ഥകൾ വരെ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകും...- മുംബൈയിലെ വോക്ക്ഹാർഡ് ഹോസ്പിറ്റൽസിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ.അനികേത് മ്യൂൾ പറയുന്നു. പ്രായമായവർക്കും ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികൾക്കും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling