പൊതുകടം 2014ൽ 55 ലക്ഷം കോടി രൂപ, ബിജെപി ഭരണത്തിൽ 155 ലക്ഷം കോടിയായി'; അഴിമതി തുറന്നു കാട്ടണമെന്ന് സ്റ്റാലിൻ

 ചെന്നൈ: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ വിജയത്തിനായി ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബിജെപിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തുറന്നുകാട്ടാന്‍ അദ്ദേഹം പാര്‍ട്ടി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പാക്കിയതിൽ 7.50 ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകൾ ഉണ്ടെന്ന സിഎജി റിപ്പോർട്ട് ഉദ്ധരിച്ചാണ് സ്റ്റാലിന്‍ അണികളോട് ഈ ആഹ്വാനം നടത്തിയത്. വെല്ലൂരില്‍ ഡിഎംകെയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.  

2014 നും 2023 നും ഇടയിൽ ഇന്ധനവില വർധിച്ചത് ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ ബിജെപിയെ വിമര്‍ശിച്ചു- "2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറുമ്പോൾ ഇന്ത്യയുടെ കട ബാധ്യത 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ബിജെപിയുടെ ഭരണത്തിൽ കടം 155 ലക്ഷം കോടി രൂപയായി ഉയർന്നു. അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമ." 

ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന ആത്മഹത്യകളും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 

എം കെ സ്റ്റാലിന്‍റെ ആരോപണത്തിന് മറുപടിയുമായി തമിഴ്നാട്ടിലെ ബിജെപി വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി രംഗത്തെത്തി. ബിജെപി ഭരണത്തിൽ എൽപിജി ഉപഭോക്താക്കളുടെ എണ്ണം 14 കോടിയിൽ നിന്ന് 34 കോടിയായി വർധിച്ചു. സബ്‌സിഡി നല്‍കുന്നത് വിലക്കയറ്റത്തിന് കാരണമായെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിച്ച് നാരായണൻ തിരുപ്പതി പറഞ്ഞു. എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സംസ്ഥാന തലത്തിലാണെന്നും സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച ആരോപണത്തിന് ബിജെപിയുടെ തമിഴ്നാട്ടിലെ വൈസ് പ്രസിഡന്റ് മറുപടി നല്‍കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling