സ്വന്തം മകളെ പീഡിപ്പിച്ചത് 6 വർഷത്തോളം, കുട്ടിയിൽ നിന്ന് വിവരമറി‌ഞ്ഞത് അപ്രതീക്ഷിതമായി; 64കാരന് 97 വര്‍ഷം തടവ് മലപ്പുറം: കരുവാരക്കുണ്ടിൽ പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസ്സുമുതൽ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 97 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആൾ തന്നെ പീഡിപ്പിച്ചതിനാൽ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള 30 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ. 

മറ്റൊരു വകുപ്പിൽ 20 വർഷം തടവും 25,000 രൂപ പിഴയുമുണ്ട്. പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകൾ പ്രകാരം 20, 15, 10 വർഷങ്ങൾ വീതം കഠിനതടവും 60,000 രൂപ പിഴയുമുണ്ട്. ഇവയ്ക്ക് പുറമേ ബാലനീതി നിയമപ്രകാരം രണ്ടുവർഷം കഠിനതടവുമുണ്ട്. പിഴ അടയ്ക്കാത്തപക്ഷം നാലര വർഷം കഠിന തടവ് അനുഭവിക്കണം. 

2019 ൽ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 64കാരനായ പിതാവിനെ ശിക്ഷിച്ചത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നീണ്ട ശിക്ഷ. മാതാവിന്റെ അസുഖത്തെ തുടർന്ന് കുട്ടി ബന്ധു വീട്ടിൽ താമസിച്ചപ്പോൾ അവിടുത്തെ സമപ്രായക്കാരിയോട് പീഡനവിവരം പറയുകയായിരുന്നു. ഇതറിഞ്ഞ മാതാവാണ് പോലീസിൽ പരാതി നൽകിയത്. 

കരുവാരക്കുണ്ട് സബ് ഇൻസ്‌പെക്ടർമാരായിരുന്ന പി. ജ്യോതീന്ദ്രകുമാർ, കെ.എൻ. വിജയൻ, ജയപ്രകാശ്, ഇൻസ്‌പെക്ടർ അബ്ദുൾ മജീദ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്വപ്ന പരമേശ്വരത്ത് ഹാജരായി. പ്രതിയെ പെരിന്തൽമണ്ണ സബ് ജയിൽ മുഖേന തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. നേരത്തെ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഒരു പ്രതിക്ക് പെരിന്തൽമണ്ണ പ്രത്യേക കോടതി 80 വർഷം കഠിനതടവ് വിധിച്ചിരുന്നു.

സമാനമായ കേസില്‍ പതിനാലു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷൽ അതിവേഗ കോടതി 63 വർഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതി 20 വർഷത്തെ കഠിനതടവ് അനുഭവിച്ചാൽ മതി. പോക്‌സോ ആക്ടിലെ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling