ക്ഷേത്ര ട്രസ്റ്റിന്‍റെ ചരിത്രത്തിലാദ്യം, ഭരണസമിതിയുടെ പ്രസിഡന്‍റ് 'സ്ത്രീ രത്നം'; ആറ്റുകാലിൽ ചരിത്രമെഴുതി ശോഭ

 


തിരുവനന്തപുരം: ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമലയെന്ന വിശേഷണവുമുള്ള ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിൽ ചരിത്രം കുറിച്ച് ശോഭ. ട്രസ്റ്റിന്‍റെ ചരിത്രത്തിലാധ്യമായി ഭരണ സമിതിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് ശോഭ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിൽ ചരിത്രമെഴുതിയത്. ട്രസ്റ്റിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിലാണ് ആദ്യ വനിത പ്രസിഡന്റ് എന്ന ഖ്യാതി വി ശോഭയ്ക്ക് ലഭിച്ചത്. കഴിഞ്ഞവർഷം ഇവർ വൈസ് പ്രസിഡന്റ് ആയിരുന്നു.

ട്രസ്റ്റിന്റെ ചരിത്രത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന ബഹുമതി ശോഭ സ്വന്തമാക്കിയപ്പോൾ വൈസ് പ്രസിഡന്റായി പി കെ കൃഷ്ണൻ നായരും, സെക്രട്ടറിയായി കെ ശരത് കുമാറും, ജോയിന്റ് സെക്രട്ടറിയായി അനുമോദ് എ എസും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് എ ഗീതയെയും ഇക്കുറി തിരഞ്ഞെടുത്തിട്ടുണ്ട്. ഭരണസമിതി അംഗങ്ങളെയും ഇവർക്കൊപ്പം തെരഞ്ഞെടുത്തിട്ടുണ്ട്.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഗീത മുൻ വർഷത്തെ ഭരണസമിതിയിൽ ചെയർമാൻ ആയിരുന്നു. ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യ ചെയർമാൻ എന്നുള്ള ബഹുമതി ലഭിച്ചത്  ഗീതയ്ക്കായിരുന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി കെ കൃഷ്ണൻ നായർ മുൻ ഭരണസമിതിയിൽ ട്രഷറർ ആയിരുന്നു. പുതിയ ഭരണസമിതി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് വേണുഗോപാലാണ്.

ചരിത്ര പ്രസിദ്ധം ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയായ ആറ്റുകാൽ പൊങ്കാല കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവം എന്ന നിലയിലും പ്രശസ്തമാണ്. പൊങ്കാല എന്ന് വാക്കിന് അർത്ഥം തിളച്ചു മറിയുക എന്നാണ്. സൂര്യനെ പ്രീതിപ്പെടുത്താനും ദേവിയെ പ്രസാദിപ്പി ക്കാനും വേണ്ടിയാണ് പൊങ്കൽ അഥവാ പൊങ്കാല ഇടുന്നത്. മനം ഉരുകി കരയുന്ന അമ്മമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. ദേവിയുടെ സന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യഔഷധമായാണ് കരുതുന്നത്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്. അരിയും, ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദേവിക്ക് നേദിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഭക്തർ ഇവിടെ എത്തി ചേരുന്നു. തിരുവനന്തപുരത്ത് ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയാണ് ലോകത്തിലെ ഏറ്റവും വലിയ സ്ത്രീജനസംഗമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling