അവസാനം നിമിഷം വരെ നീണ്ട ആവേശം; പെറുവിനെ തോൽപ്പിച്ച് ബ്രസീൽ


 


സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തോൽപ്പിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആണ് യോ​ഗ്യതാ റൗണ്ട് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാമതുള്ളത്. ലോകചാമ്പ്യന്മാരായ അർജന്റീനയാണ് രണ്ടാമത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാർലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുട‌ക്കം ഇരുടീമുകളും ആക്രമണവുമായി മുന്നേറി. മത്സരത്തിലുടനീളം ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ പെറുവിന് കഴിഞ്ഞു. എങ്കിലും മുന്നേറ്റ നിര ഉണർന്ന് കളിക്കാതിരുന്നത് പെറുവിന്റെ അട്ടിമറി മോഹങ്ങൾക്ക് തിരിച്ചടിയായി.

ഒടുവിൽ 90-ാം മിനിറ്റിൽ നെയ്മറിന്റെ കോർണർ കിക്ക് തകര്‍പ്പൻ ഹെഡററിലൂടെ മാർക്കിഞ്ഞോസ് വലയിലെത്തിച്ചു. അഞ്ച് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിൽ പെറുവിന് സമനില ​​ഗോൾ കണ്ടെത്താനായില്ല. ബ്രസീൽ ഒരു ​ഗോളിന്റെ ജയം ആഘോഷിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling