ഇഞ്ചോടിഞ്ച് പോരാട്ടം; പുതുപ്പള്ളിയോടൊപ്പം ജനവിധി തേടിയത് ആറ് മണ്ഡലങ്ങൾ

 പുതുപ്പള്ളിക്ക് പുറമേ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിൽ കൂടിയാണ്. ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയം ഉറപ്പിച്ചു . ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബോക്സാനഗറിൽ നിന്ന് തഫജ്ജൽ ഹൊസൈനും ധൻപുരില്‍ നിന്ന് ബിന്ദു ദേബ്നാഥും ആണ് മത്സരിച്ചത്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയും പ്രതിപക്ഷമായ സിപിഐഎമ്മും തമ്മിലാണ് മത്സരം നടന്നത്. കോണ്‍ഗ്രസും തിപ്ര മോദയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. സിപിഐഎമ്മിന്‍റെ മിയാന്‍ ഹുസൈൻ (ബോക്സാനഗർ), കൗശിക് ചന്ദ (ധൻപൂർ) എന്നിവരാണ് പരാജയപ്പെട്ടത്. ധൻപൂർ മണ്ഡലത്തിൽ 18,871 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്. ബിന്ദു ദേബ്നാഥിന് 30,017 വോട്ടും സി.പി.ഐഎമ്മിലെ കൗശിക് ചന്ദക്ക് 11,146 വോട്ടുമാണ് ലഭിച്ചത്.

അതേസമയം പശ്ചിമ ബംഗാളിലെ ദുപ്ഗുരി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ലീഡ് നേടി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ചന്ദ്ര റോയ്. അഞ്ച് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 962 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിർമൽ ചന്ദ്ര റോയ്ക്കുള്ളത്. നിർമൽ ചന്ദ്ര റോയ് 50,441ഉം ബി.ജെ.പി സ്ഥാനാർഥി തപസി റോയ് 49,479ഉം വോട്ട് നേടി. ആകെ 10 റൗണ്ട് വോട്ടുകളാണ് എണ്ണാനുള്ളത്.

സി.പി.ഐ.എമ്മിന്‍റെ ഈശ്വർ ചന്ദ്ര റോയ്ക്ക് 5590 വോട്ടുകളും ലഭിച്ചു.ദുപ്ഗുരിയിൽ 2021ൽ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1091 വോട്ടിന് ബി.ജെ.പി സ്ഥാനാർഥി പാർവതി ദാസ് മുന്നിലാണ്. പാർവതി ദാസിന് 12,436 വോട്ടും കോൺഗ്രസിന്‍റെ ബസന്ത് കുമാറിന് 11,345 വോട്ടുമാണ് ലഭിച്ചത്. ഒമ്പത് റൗണ്ട് വോട്ടുകൾ കൂടി എണ്ണാനുണ്ട്.

ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 11,851 വോട്ടിനായിരുന്നു ജയം. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഉത്തർപ്രദേശിലെ ഘോസി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എസ്.പി മുന്നേറ്റം. കഴിഞ്ഞ തവണ എസ്.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയുള്ള ബി.ജെ.പി പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ എസ്.പിയുടെ സുധാകർ സിങ് 1992 വോട്ടിന് മുന്നിലാണ്. സുധാകർ സിങ്ങിന് 10,334 വോട്ടും ബി.ജെ.പി സ്ഥാനാർഥി ധാരാ സിങ് ചൗഹാന് 8342 വോട്ടുമാണ് ലഭിച്ചത്.

ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യ കക്ഷിയാണ് ലീഡ് ഉയർത്തുന്നത്. എട്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ യശോദ ദേവി 2,839 വോട്ടിന്റെ ലീഡാണ് ഉയർത്തുന്നത്. എം.എൽ.എയായിരുന്ന ജഗർനാഥ് മാതോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling