വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണെന്ന് വിശദീകരിച്ച് കേരളാ പോലീസ്. സബ് ഇൻസ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകളാണ് ഹാജരാക്കേണ്ടത്. രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് സര്‍ട്ടിഫിക്കറ്റ്, ഇൻഷുറൻസ് സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്), ട്രാൻസ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് (3000 കിലോഗ്രാമിൽ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാൻസ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും, സ്വകാര്യ വാഹനങ്ങള്‍ ഒഴികെ), ട്രാൻസ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാൻസ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 കിലോഗ്രാമിൽ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്), വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് എന്നീ രേഖകളാണ് ഹാജരാക്കേണ്ടത്. രണ്ട് രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാം. മേല്‍വിവരിച്ച രേഖകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കുകയാണ് ആദ്യ മാര്‍ഗം. ഇതിനായി ഡിജിലോക്കര്‍ ആപ്പില്‍ നേരത്തെതന്നെ മേല്‍വിവരിച്ച രേഖകള്‍ ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ സൂക്ഷിക്കേണ്ടതാണ്. പരിശോധനാസമയത്ത് ഡിജിലോക്കര്‍ ആപ്പ് അഥവാ എം-പരിവാഹൻ ആപ്പ് ലോഗിൻ ചെയ്ത് രേഖകള്‍ കാണിച്ചാല്‍ മതിയാകും. രണ്ടാമത്തെ മാര്‍ഗം എന്നത് ഒറിജിനല്‍ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കുകയെന്നതാണ്. ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, പെര്‍മിറ്റ് എന്നിവയാണ് നിര്‍ബന്ധമായും ഹാജരാക്കേണ്ട ഒറിജിനല്‍ രേഖകള്‍. മറ്റു രേഖകളുടെ ഒറിജിനല്‍ 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കിയാല്‍ മതിയാകും. ലേണേഴ്‌സ് പതിച്ച വാഹനമാണെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് വേണം. സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ള ഒരാള്‍ വാഹനത്തില്‍ ഒപ്പം ഉണ്ടായിരിക്കുകയും വേണം.
0 അഭിപ്രായങ്ങള്‍