അദാനി വിഷയം: വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്ന് തോമസ് ഐസക്ക്

 തിരുവനന്തപുരം: അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ഓഹരി മൂല്യത്തട്ടിപ്പ് സംബന്ധിച്ച് വിശദീകരണം നല്‍കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക്. രാജ്യം ഉറ്റുനോക്കുന്ന കാര്യമാണ് വിഷയത്തില്‍ പ്രധാനമന്ത്രി എന്തു പറയുന്നൂവെന്നുള്ളത്. അദാനി കമ്പനി മോദിയുടെ ചാമ്പ്യന്‍ ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളാണ്. രാജ്യം ആഗോള സാമ്പത്തിക ശക്തിയാകണമെങ്കില്‍ ആഗോള ഭീമന്മാര്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നതാണ് മോദിയുടെ വികസന കാഴ്ചപ്പാട്. അതിലൊരു ഭീമന്റെ വെട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. എന്നാല്‍ ഇന്നുവരെ പാര്‍ലമെന്റിനകത്തോ പുറത്തോ വായ തുറക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചു

തോമസ് ഐസക്കിന്റെ കുറിപ്പ്: അദാനി ഓഹരി കുംഭകോണം ഒരു നിര്‍ണ്ണായക വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് കോളീളക്കത്തിനു തുടക്കംകുറിച്ചത്. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം സെബി ആരോപണങ്ങള്‍ പരിശോധിച്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, ഒരുകാര്യത്തില്‍ മാത്രം പരിശോധന പൂര്‍ത്തിയായിട്ടില്ലായെന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നികുതി വെട്ടിപ്പ് കേന്ദ്രമായ മൗറീഷ്യസില്‍ നിന്ന് അദാനി ഓഹരികളില്‍വന്ന നിക്ഷേപത്തെക്കുറിച്ചുള്ള പരിശോധന പൂര്‍ത്തിയായിട്ടില്ല.

2014-ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ റൂട്ടു വഴിയുള്ള നിക്ഷേപത്തെക്കുറിച്ചു ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ മോദി അധികാരത്തില്‍ വന്നതോടെ സെബി അതു സംബന്ധിച്ച പരിശോധനകള്‍ അവസാനിപ്പിച്ചു. ഹിന്‍ഡന്‍ബര്‍ഗ് വേണ്ടിവന്നു മൗറീഷ്യസ് വഴിയുള്ള നിക്ഷേപം വീണ്ടും പൊതുചര്‍ച്ചയ്ക്കു വിധേയമാക്കാന്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി കമ്പനിയുടെ ഓഹരികളില്‍ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന അസാധാരണമായ മൂല്യവര്‍ദ്ധനവിനു കാരണമായി നല്‍കിയ വിശദീകരണം ഇപ്രകാരമായിരുന്നു. ഇന്ത്യയിലെ നിയമപ്രകാരം സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ഒരു കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്ക് 75 ശതമാനത്തിലധികം ഓഹരി ഉടമസ്ഥത പാടില്ല. 25 ശതമാനം ഓഹരിയെങ്കിലും സ്വതന്ത്രമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിപണനത്തിനു വിധേയമാകണം. പ്രമോട്ടര്‍മാര്‍ കൃത്രിമമായി ഓഹരികളുടെമൂല്യം ഉയര്‍ത്തുന്നതു തടയാനാണിത്. 

എന്നാല്‍ മൗറീഷ്യസ് റൂട്ടുവഴിയുള്ള നിക്ഷേപവും കണക്കിലെടുക്കുകയാണെങ്കില്‍ അദാനി കമ്പനികളുടെ ഓഹരികളുടെ 85 ശതമാനത്തിലേറെ പ്രമോട്ടര്‍മാരുടെ കൈകളിലാണ്. മൗറീഷ്യസിലും മറ്റുമുള്ള കമ്പനികള്‍ വഴി അദാനി തന്നെ അദാനിയുടെ ഷെയറുകള്‍ വാങ്ങുന്നു. ഓഹരികളുടെ വിലകള്‍ കുതിച്ചുയരുന്നു. ഉയര്‍ന്ന ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ ആഗോള വിപണിയില്‍ നിന്നും വലിയ തോതില്‍ വായ്പയെടുക്കുന്നു. തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ഏതാണ്ട് ഇതാണ് പ്രവര്‍ത്തനരീതി. ഇപ്പോള്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട് (OCCRP) എന്ന മാധ്യമ കൂട്ടായ്മ ഇതു സംബന്ധിച്ച കൃത്യമായ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നു. മൗറീഷ്യസില്‍നിന്ന് അദാനി ഷെയറുകളില്‍ നിക്ഷേപം നടത്തിയ തായ്്വാന്‍ സ്വദേശിയും യുഎഇ സ്വദേശിയും അദാനി ഗ്രൂപ്പുകളിലെ മുന്‍ ഡയറക്ടര്‍മാരും അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ അടുപ്പക്കാരുമാണ്. ഇവര്‍ മൗറീഷ്യസിലടക്കം പല കമ്പനികളും വിദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല പൊളളക്കമ്പനികള്‍ വഴി അദാനിയുടെ പണം തന്നെ പലവട്ടം മാറിമറിഞ്ഞ് മൗറീഷ്യസിലെ എമര്‍ജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട്‌സ്, ഇ.എം. റിസര്‍ജന്റ് ഫണ്ട് എന്നിവടങ്ങളില്‍ പണം അവസാനം എത്തി. ഈ കമ്പനികളാണ് അദാനി ഓഹരികളില്‍ നിക്ഷേപം നടത്തിയത്. വിനോദ് അദാനിയുടെ കീഴിലുള്ള ഒരു ജീവനക്കാരന്റെ ദുബായിയിലെ കമ്പനിയാണ് നിക്ഷേപ ഉപദേശങ്ങള്‍ നല്‍കിയത്. 

ഇത്രയും പണം അദാനിക്ക് എങ്ങനെ വിദേശത്ത് ഉണ്ടായി? കയറ്റുമതി അണ്ടര്‍ ഇന്‍വോയ്‌സ് ചെയ്തും, ഇറക്കുമതി ഓവര്‍ ഇന്‍വോയ്‌സ് ചെയ്തും മറ്റുമുണ്ടാക്കുന്ന കള്ളപ്പണം വിദേശത്താണു കോര്‍പ്പറേറ്റുകള്‍ സൂക്ഷിക്കുക. അവ വെളുപ്പിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതിനുവേണ്ടിയിട്ടാണ് നികുതിയും കണക്കുകളുമൊന്നും ആവശ്യപ്പെടാത്ത മൗറീഷ്യസ് പോലുള്ള ഫിനാന്‍ഷ്യല്‍ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഇതു സംബന്ധിച്ചിട്ടുള്ള അദാനി കമ്പനികളുടെ പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഒരു കാര്യം ഇപ്പോള്‍ തിട്ടമായിട്ടുണ്ട്. മൗറീഷ്യസ് വഴിയുള്ള നിക്ഷേപം അദാനിയുടേതു തന്നെയാണ്. ഇതുകൂടി പരിഗണിച്ചാല്‍ 75 ശതമാനത്തിലധികം അദാനി കമ്പനികളുടെ ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈകളില്‍ തന്നെയാണ്. അദാനി കമ്പനികളുടെ ഓഹരിമൂല്യ വര്‍ദ്ധനവ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്.

ഇതൊരു പഴങ്കഥയാണെന്നു പറഞ്ഞ് അദാനി ഒഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കൃത്യമായ തെളിവുകള്‍ എണ്ണി നിഷേധിച്ചിട്ടില്ല. ഇനി സെബ് എന്തു സുപ്രിംകോടതിയില്‍ പറയുമെന്നു നോക്കാം. അതുപോലതന്നെ രാജ്യം ഉറ്റുനോക്കുന്ന ഒരു കാര്യം പ്രധാനമന്ത്രി മോദി എന്തുപറയുന്നൂവെന്നുള്ളതാണ്. അദാനി കമ്പനി മോദിയുടെ ചാമ്പ്യന്‍ ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളാണ്. രാജ്യം ആഗോള സാമ്പത്തിക ശക്തിയാകണമെങ്കില്‍ ആഗോള ഭീമന്മാര്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നതാണ് മോദിയുടെ വികസനകാഴ്ചപ്പാട്. അതിലൊരു ഭീമന്റെ വെട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. എന്നാല്‍ ഇന്നുവരെ പാര്‍ലമെന്റിനകത്തോ പുറത്തോ വായ തുറക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling