കാറും വായ്പകളും കാമുകിയുടെ പേരിൽ, ഒന്നും തിരിച്ചടച്ചില്ല; യുവതി ആത്മഹത്യ ചെയ്തതോടെ കുടുങ്ങി ഐടി ജീവനക്കാരൻ




പൂനെ: തന്റെ പേരില്‍ കാമുകന്‍ എടുത്ത വായ്പകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് 25 വയസുകാരി ആത്മഹത്യ ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെ പൂനെയിലെ മഞ്ജരിയില്‍ ആയിരുന്നു സംഭവം. സ്വകാര്യ ഐടി കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാമുകന്‍ ആദര്‍ശ് അജയ്കുമാര്‍ മേനോന്‍ (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആദര്‍ശ് ഏഴ് ലക്ഷത്തോളം രൂപ യുവതിയുടെ പേരില്‍ വായ്പയെടുത്തിട്ടുണ്ടായിരുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ലോണുകള്‍ വഴിയും പേഴ്സണല്‍ ലോണുകള്‍ വഴിയുമാണ് ഇത്രയും തുകയുടെ ബാധ്യതയുണ്ടാക്കിയത്. ഇവ തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അത് ചെയ്തില്ല. ഇതേച്ചൊല്ലി ഏതാനും ദിവസം മുമ്പ് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. 

യുവതിയുടെ അമ്മ നല്‍കിയ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ആദര്‍ശിനെ അറസ്റ്റ് ചെയ്തു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും യുവതിയുടെ പേരില്‍ നിരവധി ലോണുകള്‍ എടുത്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആദര്‍ശ് തന്റെ മകളുടെ പേരില്‍ കാര്‍ വാങ്ങിയെന്നും അതിന്റ ഇഎംഐ അടച്ചില്ലെന്നും യുവതിയുടെ അമ്മ ആരോപിച്ചു. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ലോണുകള്‍ തിരിച്ചടച്ചില്ല. മകള്‍ അടുത്തിടെ ജോലി ഉപേക്ഷിച്ചു. ഇതോടെ ലോണുകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാതെയായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അമ്മ കുറ്റപ്പെടുത്തി. യുവാവ് തന്റെ മകളെ മാനസികമായി പീഡിപ്പിച്ചുവെന്നും അമ്മ ആരോപിച്ചു. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.   

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling