കേരളം ശ്രമിക്കുന്നത് ദേശീയ കരിക്കുലം പരിഷ്‌കരണത്തിന് ബദല്‍ മുന്നോട്ടുവെക്കാന്‍: മുഖ്യമന്ത്രി

തലശ്ശേരി:


ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്ന കരിക്കുലം പരിഷ്‌കരണത്തിന് ബദലായി ഒരു മാതൃക മുന്നോട്ട് വെക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് 

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റല്‍, അക്കാദമിക് ബ്ലോക്ക്, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഹബ് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിലേക്കുള്ള ഏറ്റവും പ്രധാന ചുവടുവെപ്പാണ് കരിക്കുലം പരിഷ്‌കരണം.  നാലുവര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സാങ്കേതികമായി മൂന്നുവര്‍ഷ പ്രോഗ്രാം നാല് വര്‍ഷമാക്കുന്നതിനപ്പുറം ഘടനയിലും ഉള്ളടക്കത്തിലും പൊളിച്ചെഴുത്താണ് ലക്ഷ്യമിടുന്നത്. ജ്ഞാന വിതരണം കൊണ്ട് മാത്രം ഇത് വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി സാധ്യമാകില്ല. അതിന്റെ അടിസ്ഥാനമായ വര്‍ത്തിക്കേണ്ടത് മാനവികത ബോധവും സഹജീവി സ്‌നേഹവുമൊക്കെയാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ 43 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെയും നീതി ആയോഗിന്റെയും അംഗീകാരങ്ങള്‍ക്ക് പുറമേ  ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും തൊഴില്‍ ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമതെത്തി. ഗവേഷകരംഗത്തിന് പ്രാമുഖ്യം നല്‍കികൊണ്ടുള്ള നിക്ഷേപങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നതിന് പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ പത്തോളം വൈജ്ഞാനിക മേഖലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെയും വ്യവസായ മേഖലയും ബന്ധിപ്പിച്ചുകൊണ്ട് നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. പഠനത്തോടൊപ്പം വരുമാനം എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉത്പാദന കേന്ദ്രങ്ങളാക്കി കൂടി മാറ്റുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താനായി അസാപ്പിലൂടെ ഗവ. പോളിടെക്‌നിക് കോളേജുകളില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിയും നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു..കിഫ്ബി ഫണ്ടില്‍ നിന്ന് 21 കോടി ചെലവഴിച്ചാണ് നാല് നിലയുള്ള അക്കാദമിക് ബ്ലോക്ക്, 4600 ചതുരശ്ര മീറ്റര്‍  വിസ്തൃതിയില്‍ 380 പേര്‍ക്ക് താമസിക്കാവുന്ന നാല് നിലയുള്ള ഗേള്‍സ് ഹോസ്റ്റല്‍ എന്നിവ യാഥാര്‍ഥ്യമാക്കിയത്. എല്‍ ആന്‍ഡ് ടിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 75 ലക്ഷം രൂപ വിനിയോഗിച്ച് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും നിര്‍മ്മിച്ചു. ബ്രണ്ണന്‍ കോളജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്താന്‍ കഴിഞ്ഞ ബജറ്റില്‍  30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് പുതിയ കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ലൈബ്രറി കോംപ്ലക്‌സ്, 1.20 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സെമിനാര്‍ ഹാള്‍ എല്ലാം ഈ ക്യാമ്പസിന് സ്വന്തമാണ്. ഗണിത ശാസ്ത്ര ബ്ലോക്കിനായി അഞ്ച് കോടി രൂപ, അവിടെ നൂതന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 2.10 കോടി രൂപ, മെന്‍സ് ഹോസ്റ്റല്‍ നവീകരണത്തിനായി ഒരു കോടി രൂപ, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ നിര്‍മ്മാണത്തിന് രണ്ടു കോടി രൂപ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസില്‍ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായി. ഡോ. വി ശിവദാസന്‍ എം പി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ സുധീര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സീമ, തലശ്ശേരി സബ് കളക്ടര്‍ സന്ദീപ് കുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി പി രജത്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി ബാബുരാജ്, എല്‍ ആന്‍ഡ് ടി ബിസിനസ് ഹെഡ് സിറിയക് ജോര്‍ജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. മനോജ് ചുമ്മാര്‍ (കെ എസ് ഐ ടി ഐ എല്‍) റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling