‘പൂജാരിയെക്കൊണ്ട് മറുപടി പറയിക്കാനല്ല, ശിക്ഷിക്കാനുമല്ല, മനസില്‍ മാറ്റം വരാനാണ് പറഞ്ഞത്’; ജാതി വിവേചനം നേരിട്ട സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍

 പയ്യന്നൂരിലെ ക്ഷേത്രചടങ്ങുകളില്‍ നേരിട്ട ജാതിവിവേചനത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. രാജ്യത്തെ ജാതിവ്യവസ്ഥയുടെ ദുരന്തങ്ങളെ സംബന്ധിച്ച് സംസാരിച്ചപ്പോള്‍ ഈ സംഭവം ഉദാഹരണമായി സൂചിപ്പിച്ചതാണെന്നും മനുഷ്യരുടെ മനസുകളില്‍ മാറ്റം വരണമെന്ന ആഗ്രഹത്തിലാണ് താന്‍ ഇത് പറഞ്ഞതെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. പൂജാരിയെ നിയമപരമായി നേരിടണമെന്നോ ശിക്ഷിക്കണമെന്നോ മറുപടി പറയിക്കണമെന്നോ ആഗ്രഹിച്ചല്ല, പൂജാരിയുടെ മനസില്‍ മാറ്റം വരാനാണ് ഇത് ചൂണ്ടിക്കാട്ടിയതെന്ന് മന്ത്രി വിശദീകരിച്ചു. ട്വന്റിഫോറിന്റെ ഗുഡ് മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടി 76 വര്‍ഷം കഴിഞ്ഞിട്ടും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു. പയ്യന്നൂരിലെ സംഭവം കുറച്ചുകാലം മുന്‍പ് നടന്നതാണ്. അത് വലിയ വിഷയമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഒരു ദളിത് യുവാവ് കൂലി കൂട്ടിചോദിച്ചതിന് ചിലര്‍ അദ്ദേഹത്തിന്റെ നഖങ്ങള്‍ പിഴുതുകളയുകയും പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്ത ഒരു വാര്‍ത്ത വായിച്ചു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വാര്‍ത്ത വായിക്കാനിടയായ ദിവസം നടത്തിയ പ്രസംഗത്തില്‍ ജാതിവ്യവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ഉദാഹരണമെന്ന നിലയ്ക്കാണ് ഈ സംഭവം സൂചിപ്പിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ജാതിവ്യവസ്ഥയുടെ ദുരന്തങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മന്ത്രി നിരീക്ഷിക്കുന്നു. കേരളത്തില്‍ പല ആളുകളുടേയും മനസില്‍ ജാതി ചിന്തയുണ്ട്. എന്നിരിക്കിലും അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ കഴിയാത്ത സാമൂഹ്യാന്തരീക്ഷം ഇവിടെയുണ്ട്. എല്ലാ പൂജാരിമാരും ഇത് പോലെയാണെന്ന് എനിക്ക് അഭിപ്രായമില്ല. പലയിടത്തും പല പൂജാരിമാരില്‍ നിന്നും വളരെ നല്ല സ്വീകരണം എനിക്ക് ലഭിച്ചെന്ന കാര്യവും മറക്കാനാകില്ല. ജാതി വിവേചനങ്ങളെക്കുറിച്ചും ഇതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും ചര്‍ച്ചകളുണ്ടാകാണം. ആളുകളുടെ മനസില്‍ മാറ്റം വരണം. അസമത്വം എവിടെയുണ്ടെങ്കിലും അത് നീങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എല്ലാ മനുഷ്യരേയും ഒരുപോലെ കാണുന്ന പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരിലെ ക്ഷേത്രച്ചടങ്ങില്‍ പൂജാരി വിളക്ക് കൊളുത്തിയ ശേഷം തനിക്ക് തരാതെ നിലത്ത് വച്ചുവെന്നും അതേ വേദിയില്‍ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ താന്‍ ശക്തമായി പ്രതികരിച്ചുമെന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling