കണ്ണൂര്‍:
സംസ്ഥാനത്ത് ടൂറിസം നിക്ഷേപക സംഗമം നടത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളത്തിന്റെ ടൂറിസം രംഗം വികസിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നിക്ഷേപക സംഗമം നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്തില്‍ വളപട്ടണം പുഴയുടെ തീരത്ത് ടൂറിസം വകുപ്പ് നടപ്പാക്കിയ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമേഖല, സഹകരണ മേഖല, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ , സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാന തല നിക്ഷേപക സംഗമങ്ങള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി മന്ത്രി പറഞ്ഞു.
ഉത്തര മലബാറിന്റെ വിനോദ സഞ്ചാര മേഖലക്ക് കുതിപ്പേകുന്ന പുല്ലൂപ്പിക്കടവില്‍ ടൂറിസം നിക്ഷേപത്തിന്റെ സാധ്യതകള്‍ തേടുമെന്നും മന്ത്രി പറഞ്ഞു.
കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെ ടി ഐഎല്‍) ജനറല്‍ മാനേജര്‍ , എം ഡി എന്നിവരോട് പുല്ലൂപ്പിക്കടവ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെടും . മലബാര്‍ മേഖലയുടെ ഭൂപ്രകൃതിയും ചരിത്ര പശ്ചാത്തലവും കണക്കിലെടുത്ത് വിനോദ സഞ്ചാര മേഖല വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതായി മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളുടെ തനത് പ്രത്യേകതകള്‍ ഫലപ്രദമായി ഉപയോഗിക്കും. തറക്കല്ലിട്ട് ഒരു വര്‍ഷത്തിനകമാണ് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി നാടിന് സമര്‍പ്പിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഉദാഹരണമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
4.01 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ജലസാഹസിക ടൂറിസത്തിന്റെ ഭാഗമായുള്ള ഫ്‌ളോട്ടിംഗ് ഡൈനിങ് ആണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. നാല് വില്പന സ്റ്റാളുകളാണുള്ളത്. പ്രാദേശിക ഭക്ഷണ വിഭവങ്ങള്‍ അടക്കമുള്ള മലബാറിന്റെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യ വിപണന കേന്ദ്രങ്ങളായി നാല് കിയോസ്‌കുകളും ആധുനിക റസ്റ്റോറന്റും ഇതിന്റെ ഭാഗമാണ്. 25 പേര്‍ക്ക് ഇരിക്കാവുന്ന എട്ടു മേശകള്‍ സജ്ജീകരിക്കാന്‍ സാധിക്കുന്നതാണ് ഫ്‌ളോട്ടിംഗ് ഡൈനിംഗ് യൂനിറ്റ്. ഒരു സിംഗിള്‍ യൂണിറ്റ്, നാല് പേര്‍ക്ക് ഇരിക്കാവുന്ന ആറ് സിംഗിള്‍ യൂണിറ്റുകള്‍ എന്നിവ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പുഴയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ബോട്ടുകള്‍, നാടന്‍ വളളം, കയാക്കിംഗ് സംവിധാനം എന്നിവ വഴി പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഫ്‌ളോട്ടിംഗ് ഡൈനിങ്ങില്‍ എത്താം.
മനോഹരമായ നടപ്പാതയും ഇരിപ്പിടങ്ങളും. പുഴയുടെ മനോഹാരിത വീക്ഷിക്കുന്നതിന് നടപ്പാതയുടെ ഭാഗമായി രണ്ട് ഡെക്കും ഉണ്ട്. ബോട്ടില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക ഡോക്ക് ഏരിയയും ഉണ്ട്. ബോട്ട് ജെട്ടി മാതൃകയില്‍ ബോട്ടുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഡോക്ക് സംവിധാനം. ടൂറിസം പാര്‍ക്ക് എന്ന നിലയില്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഗാര്‍ഡനിങ്, വൈദ്യുതി വിതരണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെല്‍ ആണ് പദ്ധതി നിര്‍വഹണം നടത്തിയത്. പദ്ധതി നടത്തിപ്പിനായി ടെന്‍ഡര്‍ വിളിച്ച് ഏജന്‍സിയെ കണ്ടെത്തും.
കെ വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിപി ഷാജിര്‍, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, ജില്ലാപഞ്ചായത്തംഗം കെ താഹിറ, ബ്ലോക്ക് പഞ്ചായത്തംഗം ടി റഷീദ,വാര്‍ഡ് മെമ്പര്‍മാരായ പി മിഹറാബി, കെ വി സല്‍മത്ത്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍,ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍