ഒരുമിച്ച്‌ ജീവിക്കാനുള്ള തീരുമാനം; മാതാപിതാക്കള്‍ പോലും ഇടപെടരുതെന്ന് കോടതി

 


വിവാഹം കഴിക്കാനും ഒരുമിച്ച്‌ ജീവിക്കാനോ ഉള്ള പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്ന് വിധിച്ച്‌ അലഹബാദ് ഹൈക്കോടതി. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുരേന്ദ്ര സിങ്ങിന്‍റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ലിവ് ഇന്‍ പങ്കാളികളായ യുവതീ യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ഇരുവരുടെയും സമാധാനപരമായ ജീവിതത്തിനു എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പൊലീസിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉടനടി സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മുസ്‍ലിം യുവതിയും ലിവ് ഇന്‍ പങ്കാളിയായ ഹിന്ദു യുവാവുമാണ് കോടതിയെ സമീപിച്ചത്.


യുവതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഓഗസ്റ്റ് നാലിന് ഗൗതം ബുദ്ധ നഗര്‍ പൊലീസ് കമ്മീഷണറോട് യുവതി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയിലെത്തിയത്. ഹര്‍ജിക്കാര്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരാണെന്നും മുസ്‍ലിം വ്യക്തിനിയമ പ്രകാരം ലിവ് ഇൻ ബന്ധം ശിക്ഷാര്‍ഹമാണെന്നും സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞു. ലിവ് ഇന്‍ ബന്ധത്തിലുള്ളവര്‍ക്ക് പൊലീസ് സംരക്ഷണം നിഷേധിച്ചു കൊണ്ട് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പുറപ്പെടുവിച്ച മുൻ ഉത്തരവ് അഭിഭാഷകൻ ഉദ്ധരിച്ചു. എന്നാല്‍ അത് ആ കേസില്‍ മാത്രമാണെന്നും എല്ലാ കേസുകള്‍ക്കും ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പങ്കാളിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, ആര്‍ട്ടിക്കിള്‍ 19, 21 പ്രകാരം ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling