ചീറിയടുത്ത് കടുവ; ജീവനുംകൊണ്ട് ഓടുന്നതിനിടെ ബോധം കെട്ടുവീണു, ഞെട്ടല്‍ മാറാതെ സ്ത്രീ തൊഴിലാളികള്‍




 സുല്‍ത്താന്‍ബത്തേരി: വാകേരിയിലെ സ്വകാര്യ തോട്ടത്തില്‍ തൊഴിലാളികള്‍ കടുവയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലാരിഴക്ക്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. ഏദന്‍ ഏലം എസ്‌റ്റേറ്റിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുകയായിരുന്നു ശാരദ, ഇ്ന്ദിര, ഷീജ എന്നീ തൊഴിലാളികളാണ് കടുവക്ക് മുന്നില്‍ അകപ്പെട്ടത്. എണ്‍പതോളം തൊഴിലാളികളും എസ്‌റ്റേറ്റിലെ ജീവനക്കാരും ഈ സമയം തോട്ടത്തിലുണ്ടായിരുന്നു. തട്ടുതട്ടായി തിരിച്ച എണ്‍പതിലധികം ഏക്കര്‍ വരുന്ന തോട്ടത്തില്‍ ഏറ്റവും താഴെ ഭാഗത്തായിരുന്നു കടുവയുണ്ടായിരുന്നത്. 

ഏലംചെടികള്‍ക്ക് സ്‌പ്രേയര്‍ വഴി വളപ്രയോഗം നടത്തുന്ന ജോലിയായിരുന്നു ഇന്ദിരയും ഷീജയും ശാരദയും ചെയ്തിരുന്നത്. ഏലച്ചെടികള്‍ക്ക് ഇടയില്‍ വിശ്രമിക്കുകയായിരുന്ന കടുവ പെട്ടെന്ന് ശാരദക്ക് നേരെ അലര്‍ച്ചയോടെ ചാടിവീഴുകയായിരുന്നു. നിലവിളിച്ച് തിരിഞ്ഞ് ഓടുന്നതിനിടെ ഇവര്‍ ബോധരഹിതയായി വീണുവെന്ന് ഷീജ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ശാരദയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഇന്ദിരക്ക് നേരെയും കടുവ അലറിയടുത്തു. ഇവരും ഓട്ടത്തിനിടെ തളര്‍ന്നുവീണു. ഇതോടെ അല്‍പം മാറി നിന്നിരുന്ന ഷീജ ബഹളം കൂട്ടി. പിന്നീട് റൈറ്റര്‍ ബേബിയും മറ്റു തൊഴിലാളികളും ഓടിയെത്തി. ബഹളം കേട്ട് കടുവ പിന്തിരിഞ്ഞ് സമീപത്തെ വയലിലേക്ക് ഇറങ്ങി എസ്റ്റേറ്റിന്റെ തന്നെ മറ്റൊരു ഭാഗത്തേക്ക് കയറിപോകുകയായിരുന്നു. 

വിവരമറിഞ്ഞ് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന് വനപാലകരെത്തി എസ്റ്റേറ്റില്‍ തിരച്ചില്‍ നടത്തി. ഇതോടെ എസ്‌റ്റേറ്റില്‍ നിന്നിറങ്ങിയ കടുവ വയലിനക്കരെയുള്ള ആറേക്കര്‍ പ്രദേശത്തെ കാപ്പിത്തോട്ടത്തിലേക്ക് രക്ഷപ്പെട്ടു. ഏദന്‍ത്തോട്ടത്തിന് പരിസരത്തും മറ്റും ദിവസങ്ങള്‍ക്ക് മുമ്പും കടുവയെത്തിയതായി പഞ്ചായത്തംഗം ധന്യ സാബു പറഞ്ഞു. കഴിഞ്ഞ വര്‍ഷം വാകേരി പ്രദേശത്ത് നിന്ന് കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് വീണ്ടും കടുയെത്തിയിരിക്കുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആരോഗ്യമുള്ള കടുവയാണ് തങ്ങള്‍ക്ക് മുമ്പില്‍ അകപ്പെട്ടതെന്ന് ഷീജ പറയുന്നു. കടുവ സമീപപ്രദേങ്ങളില്‍ തന്നെയുണ്ടെന്നും കാട് കയറിയിട്ടില്ലെന്ന് ഇവര്‍ സൂചിപ്പിച്ചു. ഏദന്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന് കാടില്ലെങ്കിലും സമീപത്ത് കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങള്‍ വനത്തോട് ചേര്‍ന്നുള്ളതാണെന്നും തൊഴിലാളികള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling