പുതുപ്പള്ളിയിൽ സത്യം ജയിച്ചു; യുഡിഎഫ് വിജയത്തിന് പിന്നാലെ ആഹ്ലാദം പങ്കിട്ട് സതിയമ്മ

 


പുതുപ്പള്ളി: പുതുപ്പള്ളിയിൽ സത്യം ജയിച്ചെന്ന് സതിയമ്മ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വലവിജയത്തിന് പിന്നാലെയാണ് സതിയമ്മയുടെ പ്രതികരണം. നേരത്തെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെക്കുറിച്ചു ഒരു മാധ്യമത്തിൽ നല്ലത് സംസാരിച്ചതിന് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് സതിയമ്മ ആരോപിച്ചിരുന്നു. പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ താത്കാലിക ജോലിയിൽ നിന്നാണ് സതിയമ്മയെ പുറത്താക്കിയത്. എന്നാൽ സതിയമ്മയെ പുറത്താക്കിയ നടപടി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്ന് മന്ത്രി ചിഞ്ചുറാണി അന്ന് പറഞ്ഞിരുന്നു. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നുമായിരുന്നു സർക്കാരിന്റെ വാദം.

അതേസമയം കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി വിജയിച്ചു. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന്  12,684  വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling